ചരിത്രം സൃഷ്ടിച്ച് ജഡ്ജി: കേസുകള്‍ തീര്‍പ്പാക്കാന്‍ കോടതിയില്‍ ചെലവഴിച്ചത് പുലര്‍ച്ചെ മൂന്നര വരെ

single-img
5 May 2018

ഫയലുകള്‍ തീര്‍പ്പാക്കാനായി പുലര്‍ച്ചെ മൂന്നരവരെ കോടതിയിലിരുന്ന് റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് മുംബൈ ഹൈകോടതി ജഡ്ജി. ജസ്റ്റിസ് എസ്.ജെ. കതവല്ലയാണ് പുര്‍ച്ചെ വരെ കോടതിയില്‍ ചെലവഴിച്ച് റെക്കോര്‍ഡിട്ടത്. വൈകീട്ട് അഞ്ചു മണിയോടെ സാധാരണ കോടതി പിരിയും.

എന്നാല്‍ മെയ് അഞ്ച് മുതല്‍ കോടതിക്ക് ഒരു മാസം നീണ്ട വേനലവധിയാണ്. അതിനു മുമ്പ് ഫയലുകളില്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിനാണ് ജഡ്ജി പുലര്‍ച്ചെ വരെ കോടതിയില്‍ ചെലവഴിച്ചത്. അഭിഭാഷകരും അന്യായക്കാരും കോടതി ജീവനക്കാരും പുലര്‍ച്ചെ വരെ പണിയെടുത്തെങ്കിലും പരിഗണിച്ച എല്ലാ വിഷയങ്ങളും അടിയന്തര സ്വഭാവമുള്ളവയായതിനാല്‍ ആരും പരാതി ഉന്നയിച്ചില്ലെന്ന് പുലര്‍ച്ചെ കോടതിയില്‍ നിന്നിറങ്ങിയ അഭിഭാഷകന്‍ പറഞ്ഞു.

135 കേസുകളാണ് അന്ന് രാവിലെ മുതല്‍ കേട്ടത്. അതില്‍ 70എണ്ണവും അടിയന്തര സ്വഭാവമുള്ളവയായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി അര്‍ദ്ധരാത്രി വരെ കതവല്ലയുടെ 20ാം നമ്പര്‍ കോടതി മുറി പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ വെള്ളിയാഴ്ച അത് പുലര്‍ച്ചെ മൂന്നര വരെ പ്രവര്‍ത്തിക്കുകയായിരുന്നു.

ഇതിനിടെ വെറും 20 മിനിട്ട് മാത്രമാണ് അദ്ദേഹം ഇടവേള എടുത്തത്. സ്വത്ത് തര്‍ക്കം, സ്വത്തവകാശം, വാണിജ്യം തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകളാണ് ഇദ്ദേഹം തീര്‍പ്പാക്കിയത്. 2009ലാണ് കതവല്ല ബോംബെ ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജായി പ്രവേശിക്കുന്നത്. 2011ലാണ് ഇദ്ദേഹം സ്ഥിരം ജഡ്ജിയായത്.