ഹാരിസണ്‍ എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കല്‍: സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്

single-img
5 May 2018

തിരുവനന്തപുരം: ഹാരിസണ്‍ മലയാളം കമ്പനിയുടെ ഭൂമി ഏറ്റെടുക്കല്‍ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാനസര്‍ക്കാര്‍ സുപ്രിം കോടതിയിലേക്ക്. വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ റവന്യൂവകുപ്പ് തീരുമാനിച്ചു. സമയപരിധിക്കുള്ളില്‍ത്തന്നെ അപ്പീല്‍ നല്‍കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

നിയമം മറികടന്ന് റോബിന്‍ഹുഡിനെപ്പോലെ സര്‍ക്കാര്‍ പെരുമാറരുതെന്ന് നിശിതമായി വിമര്‍ശിച്ചുകൊണ്ടാണ്, ഹാരിസണ്‍ന്റെ നാല് എസ്റ്റേറ്റുകള്‍ ഏറ്റെടുത്ത സര്‍ക്കാര്‍നടപടി ഹൈക്കോടതി റദ്ദുചെയ്തത്. ചെറുവള്ളി എസ്റ്റേറ്റ്, ട്രാവന്‍കൂര്‍ റബര്‍ ആന്‍ഡ് ടീ എസ്റ്റേറ്റ്, ലെ ബോയ്‌സ് എസ്റ്റേറ്റ്, റിയ എസ്റ്റേറ്റ് എന്നിവ ഏറ്റെടുത്തത് അതോടെ അസാധുവായി.

സ്‌പെഷല്‍ ഓഫിസര്‍ എം.ജി.രാജമാണിക്യത്തിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് 2015 മേയ് 28ന് 6335 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തത്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുന്‍പേ കൈവശമുണ്ടായിരുന്ന ഭൂമിയാണ്, കേരള ഭൂസംരക്ഷണ നിയമത്തിന്റെ പരിധിയില്‍ ഇത് വരില്ല എന്ന ഹാരിസണ്‍ന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഇതിനെയാണ് സര്‍ക്കാര്‍ ചോദ്യം ചെയ്യുക.

സര്‍ക്കാര്‍ഭൂമി പാട്ടത്തിന് നല്‍കിയത് തിരിച്ചെടുക്കാന്‍ അവകാശമുണ്ട്, വിദേശ കമ്പനികള്‍ക്ക് ഇപ്രകാരം ഭൂമി സ്വന്തമാക്കാന്‍ അവകാശമില്ല, നിലവിലുള്ള എല്ലാ ഭൂനിയമങ്ങളെയും ഹാരിസണ്‍ കാറ്റില്‍പറതത്തുകയാണ് എന്നീ വാദങ്ങളാവും ഉന്നയിക്കുക.

ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുന്നതില്‍ സര്‍ക്കാര്‍ തുടക്കത്തില്‍ ആശയക്കുഴപ്പത്തിലായിരുന്നു. അപ്പീല്‍ നല്‍കുന്നതിന്റെ സാധ്യതകളെ കുറിച്ച് പരിശോധിക്കാന്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ രഞ്ജിത് തമ്പാനോട് റവന്യൂവകുപ്പ് ആവശ്യപ്പെട്ടിരുന്നു. ഭൂമിക്ക് മേല്‍ ഹാരിസണിന് ഉടമസ്ഥാവകാശം ഇല്ലെന്ന് സ്ഥാപിക്കാനുള്ള രേഖകള്‍വച്ച് ഭൂമി തിരിച്ച് പിടിക്കാനാകുമെന്നാണ് റവന്യൂവകുപ്പിന്റെ പ്രതീക്ഷ.

മാത്രമല്ല നിശ്ചിത സമയത്തിനകം അപ്പീല്‍ നല്‍കിയാലെ സര്‍ക്കാരിന് തുടര്‍നടപടികളെ കുറിച്ച് ആലോചിക്കാന്‍ സമയം കിട്ടൂ എന്ന നിയമോപദേശവും ലഭിച്ചിട്ടുണ്ട്. വന്‍കിടക്കാര്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കാനുള്ള നിയമവും സര്‍ക്കാരിന്റെ പരിഗണനയിലാണ്.