ഗുരുഗ്രാമില്‍ വീണ്ടും മുസ്ലീങ്ങള്‍ നിസ്‌കരിക്കുന്നത് തടസപ്പെടുത്തി ഹിന്ദുത്വ സംഘടനകള്‍

single-img
5 May 2018

ഗുരുഗ്രാമിലെ വിവിധയിടങ്ങളിലെ പൊതുസ്ഥലത്ത് മുസ്ലീങ്ങള്‍ നമസ്‌കാര ചടങ്ങുകള്‍ നടത്തുന്നത് ഹിന്ദു സംഘടനകള്‍ വീണ്ടും തടസപ്പെടുത്തി. ഏപ്രില്‍ 20ന് ഹരിയാനയിലെ ഗുഡ്ഗാവില്‍ പൊതുസ്ഥലത്തെ നിസ്‌കാരം ഹിന്ദുത്വ സംഘടനകള്‍ തടസപ്പെടുത്തുകയും പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് വെള്ളിയാഴ്ച വീണ്ടും നിസ്‌കാരം തടസപ്പെടുത്തിയത്. മനോഹര്‍ ലാല്‍ ഖട്ടാറിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ഹിന്ദു സംഘടകളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നാണ് ആരോപണം. പ്രശ്‌നം പരിഹരിക്കുന്നതിന് പകരം പൊതുസ്ഥലങ്ങളില്‍ ഹരിയാന അര്‍ബര്‍ ഡെവലപ്‌മെന്റ് ബോര്‍ഡിന്റെ സ്ഥലമാണിതെന്ന് കാണിച്ച് ബോര്‍ഡുകള്‍ സ്ഥാപിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.

ഏപ്രില്‍ 20ന് ഗുരുഗ്രാമിലെ സെക്ടര്‍ 53ല്‍ പൊതുസ്ഥലത്ത് നിസ്‌കാരിക്കുന്നത് ഹിന്ദുസംഘടനകള്‍ തടയുകയായിരുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ ഏകദേശം 500ഓളം ആളുകളാണ് ഒത്തുകൂടിയത്. ജയ് ശ്രീരാം, രാധേ രാധേ വിളികളുമായാണ് അക്രമികളെത്തിയത്.

നിസ്‌കാരം തടസപ്പെടുത്തിയത് ഹിന്ദു സംഘടകളാണെന്ന് പരാതി നല്‍കിയിട്ടും പൊലീസ് അത് സമ്മതിക്കാന്‍ തയ്യാറായില്ല. അക്രമികള്‍ അടുത്ത ഗ്രാമത്തില്‍ നിന്നുള്ളവരായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. സംഭവത്തില്‍ ആറ് പേരെ അറസ്റ്റ് ചെയ്തിരുന്നു.

ഇതേ തുടര്‍ന്ന് സന്‍യുക്ത് ഹിന്ദു സംഘര്‍ഷ് സമിതിയുടെ നേതൃത്വത്തില്‍ വിവിധ ഹിന്ദു സംഘടനകള്‍ ചേര്‍ന്ന് ഏപ്രില്‍ 30ന് ഒരു പ്രകടനം സംഘടിപ്പിച്ചു. നിസ്‌കാരം തടസപ്പെടുത്തിയവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിക്കണമെന്നും പൊതുസ്ഥലത്തെ നിസ്‌കാരം നിരോധിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രകടനം.

ഗുരുഗ്രാമില്‍ 22 പള്ളികളാണുള്ളത്. 106 പൊതുസ്ഥലങ്ങളിലാണ് നിസ്‌കാരം നടത്തിവരുന്നത്. വിശ്വ ഹിന്ദു പരിഷത്, അഖില്‍ ഭാരതീയ ഹിന്ദു ക്രാന്തി ദാല്‍, സ്വദേശി ജാഗ്രണ്‍ മാഞ്ച്, ശിവ സേന, ബജ്രംഗ് ദാല്‍, ഹിന്ദു ജാഗ്രണ്‍ മാഞ്ച്, ഭാരത് ബച്ചാവോ അഭിയാന്‍, ഗുരുഗ്രാം സന്‍സ്‌ക്രിത് ഗൗരവ് സമിതി തുടങ്ങിയ 12 ഹിന്ദു സംഘടനകളില്‍ നിന്നുള്ളവരായിരുന്നു പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തത്.

പ്രാര്‍ഥനയുടെ പേര് പറഞ്ഞ് മുസ്ലീം വിശ്വാസികള്‍ ഇന്ത്യാ വിരുദ്ധ, പാകിസ്താന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കുകയാണ് ചെയ്യുന്നതെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്കും ഡെപ്യൂട്ടി കമ്മീഷണര്‍ വിനയ് പ്രതാപ് സിംഗിനും പ്രതിഷേധക്കാര്‍ കത്തയച്ചിരുന്നു.

‘രാജ്യസ്‌നേഹികളായ ചില യുവാക്കള്‍ ഇത് തടയാന്‍ ശ്രമിച്ചു. ഇതേ തുടര്‍ന്ന് പൊലീസ് നിഷ്പക്ഷമല്ലാത്തൊരു അന്വേഷണം നടത്തി. വന്ദേ മാതരം, ജയ് ശ്രീറാം എന്ന് വിളിച്ചതാണോ അറസ്റ്റിലായവര്‍ക്കെതിരെയുള്ള കുറ്റമെന്നും കത്തില്‍ ഹിന്ദു സംഘടനകള്‍ ചോദിച്ചു.