എസ്എസ്എല്‍സിക്കും, പ്ലസ്ടുവിനും വിജയിച്ചവര്‍ക്ക് കേന്ദ്ര സ്‌കോളര്‍ഷിപ്; വാട്‌സാപിലൂടെയുള്ള ഈ പ്രചാരണം വ്യാജം

single-img
5 May 2018

എസ്എസ്എല്‍സിക്കും പ്ലസ്ടുവിനും വിജയിച്ചവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സ്‌കോളര്‍ഷിപ് നല്‍കുന്നുവെന്ന് വാട്‌സാപിലൂടെ വ്യാജപ്രചരണം. പത്താം ക്ലാസ് പരീക്ഷയില്‍ 75 ശതമാനത്തിനു മുകളില്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ 10,000 രൂപയുടെ സ്‌കോളര്‍ഷിപ്പും, പ്ലസ് ടുവിന് 85 ശതമാനത്തിനു മുകളില്‍ മാര്‍ക്ക് ലഭിച്ചവര്‍ക്ക് 25,000 രൂപയുടെ സ്‌കോളര്‍ഷിപ്പും ലഭിക്കുമെന്നാണ് സന്ദേശത്തില്‍ പറയുന്നത്.

അപേക്ഷ ഫോറം അതാതു മുനിസിപ്പാലിറ്റി /പഞ്ചായത്തുകളില്‍ നിന്നു ലഭിക്കുമെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്. എന്നാല്‍ കേന്ദ്രസര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ എസ്എസ്എല്‍സി, പ്ലസ് ടു വിജയിച്ചവര്‍ക്കായി മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഇത്തരത്തില്‍ സ്‌കോളര്‍ഷിപ് നല്‍കുന്നില്ല എന്നതാണ് വസ്തുത.

വ്യാജ സന്ദേശം ലഭിച്ചവര്‍ അപേക്ഷാ ഫോമിനായി പഞ്ചായത്തിലും മുന്‍സിപ്പാലിറ്റിയിലും നഗരസഭകളിലും എത്താന്‍ തുടങ്ങിയതോടെ മറുപടി പറഞ്ഞു മടുത്ത സ്ഥിതിയിലാണ് ഇവിടങ്ങളിലെ ഉദ്യോഗസ്ഥര്‍. അതേസമയം സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കായി മറ്റ് ഒട്ടേറെ സ്‌കോളര്‍ഷിപ്പുകള്‍ ലഭ്യവുമാണ്. ഇവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ www.scholarships.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.