നൃത്ത പരിശീലനത്തിനിടെ ദുല്‍ഖര്‍ സല്‍മാന് പരിക്ക്

single-img
5 May 2018

നടന്‍ ദുല്‍ഖര്‍ സല്‍മാന് പരിക്ക്. അമ്മ മഴവില്ല് ഷോയുടെ നൃത്ത പരിശീലനത്തിനിടെയാണ് ദുല്‍ഖറിന്റെ കാലുകള്‍ക്ക് പരിക്ക് പറ്റിയത്. ഉടനെ തന്നെ ദുല്‍ഖറിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ലെന്നും വിശ്രമം ആവശ്യമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

അതിനാല്‍ ഷോയില്‍ നിന്ന് താരം പിന്മാറുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മഴവില്‍ മനോരമയ്ക്കു വേണ്ടി അഭിനേതാക്കളുടെ സംഘടനയായ അമ്മ, കാര്യവട്ടം രാജ്യാന്തര സ്റ്റേഡിയത്തില്‍ ഒരുക്കുന്ന പരിപാടിയാണ് അമ്മ മഴവില്ല്. മലയാളത്തിലെ നൂറിലേറെ താരങ്ങളാണ് പരിപാടിയില്‍ അണിനിരക്കുന്നത്.

ഞായറാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് പരിപാടി. അമ്മയുടെ നേതൃത്വത്തില്‍ നടത്തുന്ന ആറാമത്തെ മെഗാഷോയാണിത്. പഴയകാലത്തു ചലച്ചിത്ര രംഗത്തു പ്രവര്‍ത്തിച്ചിരുന്ന 15 പേരെ ഷോയുടെ തുടക്കത്തില്‍ ആദരിക്കും. നടന്‍ മധുവിന്റെ നേതൃത്വത്തിലാണിത്.