അവാര്‍ഡ്ദാന ചടങ്ങ് ബഹിഷ്‌കരിച്ചവര്‍ക്ക് മെഡല്‍ സ്പീഡ് പോസ്റ്റിലെത്തും: ‘പണം കൊണ്ടുവരുന്നത് മന്ത്രിയുടെ വീട്ടില്‍ നിന്നല്ലെന്ന്’ ജയരാജിന് അലന്‍സിയറുടെ മറുപടി

single-img
5 May 2018

ദേശീയ ചലച്ചിത്ര പുരസ്‌കാരം രാഷ്ട്രപതിക്കു പകരം കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി സ്മൃതി ഇറാനി നല്‍കിയതില്‍ പ്രതിഷേധിച്ച് ചടങ്ങ് ബഹിഷ്‌കരിച്ച 68 ജേതാക്കള്‍ക്കും മെഡലും പ്രശസ്തിപത്രവും ചെക്കും സ്പീഡ് പോസ്റ്റില്‍ ലഭിക്കും.

ഡയറക്ട്രേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവല്‍ സംഘാടകരാണ് ഇക്കാര്യം വ്യക്തമാക്കിയത്. സാധാരണ ഗതിയില്‍ ചടങ്ങില്‍ പങ്കെടുക്കാത്തവര്‍ക്ക് സ്പീഡ് പോസ്റ്റിലൂടെ പുരസ്‌കാരം എത്തിച്ചു നല്‍കുന്ന പതിവുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

കഴിഞ്ഞ കാലങ്ങളിലും ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ടും മറ്റ് പ്രശ്‌നങ്ങള്‍ മൂലവും ചടങ്ങില്‍ സംബന്ധിക്കാന്‍ സാധിക്കാത്തവര്‍ക്ക് ഇതു പോലെ പുരസ്‌കാരം അയച്ചു നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

അതിനിടെ ദേശീയ ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങിനെതിരെ പ്രതിഷേധിച്ചവര്‍ പണം തിരികെ നല്‍കണമെന്ന് പറഞ്ഞ ജയരാജിന്റെ നിലപാടിന് മറുപടിയുമായി നടന്‍ അലന്‍സിയര്‍ രംഗത്തെത്തി. പണം കൊണ്ടു വരുന്നത് മന്ത്രിയുടെ വീട്ടില്‍ നിന്നല്ലെന്ന് അലന്‍സിയര്‍ പറഞ്ഞു.

പുരസ്‌കാര ചടങ്ങ് ബഹിഷ്‌കരിച്ച നടപടി തെറ്റാണെന്നും ഇവര്‍ അക്കൗണ്ടില്‍ വന്ന പണം തിരികെ നല്‍കണമെന്നും ജയരാജ് പറഞ്ഞിരുന്നു. പുരസ്‌കാരം വാങ്ങാതെ തലയുയര്‍ത്തി മടങ്ങി പോന്നവര്‍ക്കൊപ്പമാണ് താനെന്നു അലന്‍സിയര്‍ പറഞ്ഞു.

പുരസ്‌കാരം ഏറ്റു വാങ്ങിയവരെ പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തു അലന്‍സിയര്‍. ചിലര്‍ക്ക് അവാര്‍ഡ് എത്ര കിട്ടിയാലും പോരാ എന്നുള്ളത് ഒരു രോഗമാണ്. അതിന് ചികിത്സ വേണം. അവാര്‍ഡ്ദാന ചടങ്ങ് മറ്റുളളവര്‍ ബഹിഷ്‌കരിച്ചപ്പോള്‍ യേശുദാസും ജയരാജും അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുത്ത് പുരസ്‌കാരം ഏറ്റു വാങ്ങിയിരുന്നു.

രാഷ്ട്രപതിക്ക് പകരം കേന്ദ്രമന്ത്രി സ്മൃതി ഇറാനി പുരസ്‌കാരം നല്‍കുന്നതില്‍ പ്രതിഷേധിച്ച് മലയാളത്തില്‍ നിന്നുള്ള പുരസ്‌കാര ജേതാക്കള്‍ കൂട്ടായി പരാതി നല്‍കുകയും ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഈ പ്രതിഷേധം വകവയ്ക്കാതെ ജയരാജും യേശുദാസും പുരസ്‌കാരം ഏറ്റു വാങ്ങുകയായിരുന്നു. ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ 140 അവാര്‍ഡ് ജേതാക്കളില്‍ 68 പേരാണ് ബഹിഷ്‌കരിച്ചത്. 11 പേര്‍ക്ക് മാത്രമാണ് രാഷ്ട്രപതി അവാര്‍ഡ് നല്‍കിയത്.