നാണംകെട്ട് കര്‍ണാടകയിലെ ബി.ജെ.പി നേതാക്കള്‍; ജിഹാദി ഗ്രൂപ്പുകള്‍ കൊന്നെന്ന് പറഞ്ഞ ബിജെപി പ്രവര്‍ത്തകന്‍ ജീവനോടെ ചാനലില്‍

single-img
5 May 2018

കര്‍ണാടക തിരഞ്ഞെടുപ്പ് അതിന്റെ അവസാന ഘട്ടത്തിലേക്ക് വീറോടെ അടുക്കുമ്പോള്‍ പ്രചാരണം അതിന്റെ ഉഛസ്ഥായിയില്‍. കോണ്‍ഗ്രസ് തുടക്കത്തില്‍ കൈവശം വെച്ച മേല്‍ക്കൈ നരേന്ദ്രമോദിയെ സംസ്ഥാനത്ത് തമ്പടിപ്പിച്ച് മറികടക്കാനുള്ള വഴിയിലാണ് ബിജെപി.

അതിനിടെയാണ് അമിത് ഷായുടെ നാക്കുപിഴ വരുത്തിയ അബദ്ധങ്ങള്‍ക്ക് പിന്നാലെ മോദിയും വെട്ടിലാകുന്നത്. കോണ്‍ഗ്രസ് രാജ്യരക്ഷകരായ സൈനികരെ അവമതിക്കുകയാണെന്ന് കര്‍ണാടകയില്‍ നരേന്ദ്രമോദി നടത്തിയ പ്രസംഗമാണ് വിനയായത്. ഇതെല്ലാം കോണ്‍ഗ്രസ് വീണുകിട്ടിയ ആയുധമാക്കുകയും ചെയ്തു.

ഇതിനുപിന്നാലെയാണ് ജിഹാദി ഗ്രൂപ്പുകള്‍ കൊന്നെന്ന് പറഞ്ഞിരുന്ന ബിജെപി പ്രവര്‍ത്തകന്‍ ജീവനോടെ ചാനലില്‍ എത്തിയത്. കോണ്‍ഗ്രസ് ഭരണത്തിന് കീഴില്‍ ജിഹാദി ഗ്രൂപ്പുകള്‍ തങ്ങളുടെ 23 പ്രവര്‍ത്തകരെ കൊലപ്പെടുത്തിയെന്നാണ് കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ഉന്നയിക്കുന്ന ആരോപണങ്ങളിലൊന്നാണ്.

എന്നാല്‍ ഇതിലെ ആദ്യ പേരുകാരനെ ജീവനോടെ ചാനലില്‍ കണ്ടതിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍. ഉഡുപ്പിയില്‍ നിന്നുള്ള ബി.ജെ.പി നേതാവ് ശോഭാ കരന്ത്‌ലാജെ കേന്ദ്രആഭ്യന്തര മന്ത്രാലത്തിന് അയച്ച പട്ടികയനുസരിച്ച് അശോക് പൂജാരിയെന്നയാള്‍ 2015 സെപ്തംബര്‍ 20നാണ് കൊല്ലപ്പെടുന്നത്.

എന്നാല്‍ ഒരു ദേശീയ മാദ്ധ്യമം ഇയാളെ ഉഡുപ്പിയില്‍ നിന്നും കണ്ടെത്തിയതായി അവകാശപ്പെടുന്നു. ബജ്‌റംഗ്ദള്‍, ബി.ജെ.പി പ്രവര്‍ത്തകനായ തന്നെ 2015ല്‍ മോട്ടോള്‍ ബൈക്കിലെത്തിയ ആറ് പേര്‍ ചേര്‍ന്ന് ക്രൂരമായി ആക്രമിച്ചെന്ന് ഇയാള്‍ പറഞ്ഞു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ താന്‍ 15 ദിവസത്തോളം തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞു.

എല്ലാവരും വിചാരിച്ചത് താന്‍ മരിക്കുമെന്ന് തന്നെയാണ്. എന്നാല്‍ ദൈവാനുഗ്രഹത്താല്‍ താന്‍ ജീവിതത്തിലേക്ക് തിരിച്ച് വന്നു. മരിച്ചവരുടെ പട്ടികയില്‍ തന്റെ പേര് ഉള്‍പ്പെട്ടത് അബദ്ധത്തിലാണെന്ന് കാട്ടി ശോഭാ കരന്ത്‌ലാജെ തന്നെ വിളിച്ചിരുന്നതായും അശോക് പൂജാരി വ്യക്തമാക്കി.

അതേസമയം, തങ്ങളുടെ 23 പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്ന് കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ വ്യാപകമായി പറയുന്നുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ബി.ജെ.പി പട്ടികയിലുള്ളവരില്‍ 14 പേര്‍ മറ്റ് കാരണങ്ങള്‍ കൊണ്ട് മരിച്ചവരാണെന്നും ചിലര്‍ ആത്മഹത്യ ചെയ്തതാണെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പ്രതികരിച്ചു.