കോട്ടയത്ത് സ്‌കൂട്ടറില്‍ വാനിടിച്ച് മാധ്യമപ്രവര്‍ത്തക മരിച്ചു

single-img
5 May 2018

ബന്ധുവിനോടൊപ്പം സ്‌കൂട്ടറില്‍ പോകുകയായിരുന്ന മാധ്യമപ്രവര്‍ത്തകയായ യുവതി വാന്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ചു. കിടങ്ങൂര്‍ കുളങ്ങരമുറിയില്‍ പരേതനായ കെ.എ.വാസുദേവന്റെ മകള്‍ സൂര്യ (29) ആണു മരിച്ചത്. ഇടിച്ച വാന്‍ നിര്‍ത്താതെ പോയി.

ഇന്നലെ രാത്രി ഏഴിന് അയര്‍ക്കുന്നം തിരുവഞ്ചൂര്‍ റോഡിലായിരുന്നു അപകടം. നീറിക്കാട്ടുള്ള ബന്ധുവീട്ടില്‍ പോയ ശേഷം ബന്ധു അനന്തപത്മനാഭനൊപ്പം വീട്ടിലേക്കു പോകുകയായിരുന്നു സ്റ്റാര്‍ വിഷന്‍ ചാനലില്‍ വാര്‍ത്താ അവതാരകയായ സൂര്യ.

ചെറിയ ചാറ്റല്‍മഴയുള്ള സമയത്തായിരുന്നു അപകടം. സ്‌കൂട്ടറിനു പിന്നില്‍ വാന്‍ ഇടിച്ചതിനെ തുടര്‍ന്ന് സൂര്യ തെറിച്ചു വീഴുകയായിരുന്നു. നാട്ടുകാര്‍ സൂര്യയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. അനന്തപത്മനാഭനു നിസ്സാര പരുക്കേറ്റു. സൂര്യയുടെ പിതാവ് സിപിഎം അയര്‍ക്കുന്നം ഏരിയാ കമ്മിറ്റി അംഗമായിരുന്ന വാസുദേവന്‍ അഞ്ചു മാസം മുന്‍പാണു മരിച്ചത്.