പതിനാറുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ ശേഷം ചുട്ടുകൊന്നു; 14 പേര്‍ അറസ്റ്റില്‍

single-img
5 May 2018

ഝാര്‍ഖണ്ഡിലെ ഛാത്രയില്‍ 16 വയസുകാരിയെ ബലാല്‍സംഗം ചെയ്ത് തീകൊളുത്തി കൊന്ന കേസില്‍ 14 പേര്‍ അറസ്റ്റില്‍. ഝാര്‍ഖണ്ഡ് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ആറ് പ്രതികള്‍ക്കായി തെരച്ചില്‍ തുടരുന്നുവെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

നക്‌സല്‍ ബാധിത ജില്ലയായ ഛത്രയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ആദ്യം കൂട്ടമാനഭംഗത്തിനിരയാക്കുകയും അതിന്മേല്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നു പെണ്‍കുട്ടിയെ വീട്ടില്‍ക്കയറി തീ കൊളുത്തുകയുമായിരുന്നു. വ്യാഴാഴ്ച രാത്രിയില്‍ വീട്ടുകാര്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയപ്പോഴായിരുന്നു പ്രദേശവാസികളായ ചിലര്‍ വീട്ടില്‍ കയറി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്.

പിന്നീട് കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നു. സംഭവം പെണ്‍കുട്ടി വീട്ടുകാരെ അറിയിച്ചതിനെത്തുടര്‍ന്നു പിതാവ് വില്ലേജ് കൗണ്‍സിലില്‍ (നാട്ടുപഞ്ചായത്ത്) പരാതി നല്‍കി. സംഭവത്തില്‍ പ്രതികള്‍ക്ക് 15,000 രൂപ വീതം പിഴയുള്‍പ്പെടെ ശിക്ഷയും വിധിച്ചു.

ഇതിനു പിന്നാലെയാണു പ്രതികള്‍ വീണ്ടും വീട്ടിലെത്തി പെണ്‍കുട്ടിയെയും മാതാപിതാക്കളെയും മര്‍ദിച്ചത്. തടയാനെത്തിയ പെണ്‍കുട്ടിയെ തീ കൊളുത്തി കൊലപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ഓടി രക്ഷപ്പെട്ട പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ശക്തമാക്കിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കു നേരെ പീഡന സംഭവങ്ങള്‍ ഏറുന്ന സാഹചര്യത്തില്‍ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ ശക്തിപ്പെടുമ്പോഴാണു ജാര്‍ഖണ്ഡിലെ സംഭവം.