കെ.എം.മാണിയെ യുഡിഎഫില്‍ തിരിച്ചെത്തിക്കാന്‍ വ്യക്തിപരമായി ശ്രമിക്കുമെന്ന് ചെന്നിത്തല; ചെങ്ങന്നൂരില്‍ മാണി പിന്തുണക്കുമെന്ന് പ്രതീക്ഷിക്കുന്നതായി തിരുവഞ്ചൂര്‍

single-img
4 May 2018

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ വോട്ട് യു.ഡി.എഫിന് തന്നെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബാര്‍ കോഴ ആരോപണത്തില്‍ നിന്ന് മുന്‍ മന്ത്രി കെ.എം മാണിയെ കുറ്റവിമുക്തനാക്കിയത് താനാണ്.

എന്നാല്‍, മാണിയെ വേട്ടയാടിയത് ഇടത് മുന്നണിയാണെന്നും ചെന്നിത്തല ആരോപിച്ചു. മാണി അഴിമതിക്കാരനല്ല. അദ്ദേഹത്തെ യു.ഡി.എഫില്‍ തിരിച്ചെത്തിക്കും. ഇതിന് വ്യക്തിപരമായ ശ്രമങ്ങള്‍ നടത്തും. മാണിയുമായി സംസാരിക്കാന്‍ സന്നദ്ധനാണെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് പിന്തുണക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ചെന്ന് കണ്ടപ്പോള്‍ മാണിയും ജോസഫും അനുകൂല നിലപാടാണ് അറിയിച്ചത്.

സ്ഥാനാര്‍ത്ഥിയോട് ഉറപ്പ് പറഞ്ഞാല്‍ തെരഞ്ഞെടുപ്പില്‍ മറിച്ച് പറയില്ലെന്നാണ് പ്രതീക്ഷ. കോണ്‍ഗ്രസ് ഒരു വോട്ടും വേണ്ടെന്ന് പറഞ്ഞിട്ടില്ല. തെറ്റിദ്ധാരണകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ തിരുത്തുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.