പ്രസ്‌ക്ലബ്ബില്‍ കയറി മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍.: മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

single-img
4 May 2018

പ്രസ് ക്ലബ്ബില്‍ കയറി മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. വാഴക്കാട് കല്ലിക്കുത്തൊടി ഷിബു, നടത്തലക്കണ്ടി ദിലീപ് കുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അതിനിടെ പ്രസ് ക്ലബ്ബിന് സമീപത്ത് അപ്രതീക്ഷിതമായി സംഘര്‍ഷമുണ്ടായതിനെക്കുറിച്ച് അന്വേഷണം വേണമെന്ന് ആര്‍എസ്എസും ആവശ്യപ്പെട്ടു.

ആക്രമണം ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ നേരിട്ടാണ് അന്വേഷിക്കുന്നത്. മലപ്പുറം സിഐ എ.പ്രേംജിത്, എസ്‌ഐ ബി.എസ്.ബിനു എന്നിവരെ വിളിച്ചുവരുത്തി അദ്ദേഹം വിശദാംശങ്ങള്‍ ആരാഞ്ഞു. ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തില്‍ പൊലീസ് പരുക്കേറ്റ മാധ്യമപ്രവര്‍ത്തകരുടെയും ബൈക്ക് യാത്രക്കാരന്റെയും മൊഴിയെടുത്തു.

കഴിഞ്ഞ ദിവസം രാത്രി ആര്‍എസ്എസ് ആക്രമണത്തിനു നേരെ അജ്ഞാതര്‍ സ്‌ഫോടകവസ്തു എറിഞ്ഞെന്ന് ആരോപിച്ച് നടത്തിയ പ്രകടനത്തിനിടെയാണ് സംഭവം. പ്രകടനത്തിനിടെ കടന്നുപോകാന്‍ ശ്രമിച്ച ബൈക്ക് യാത്രക്കാരനെ കയ്യേറ്റം ചെയ്തത് പ്രസ് ക്ലബ്ബ് കെട്ടിടത്തില്‍നിന്ന് മാധ്യമപ്രവര്‍ത്തകര്‍ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ചതാണ് പ്രകോപനത്തിന് കാരണം.

തുടര്‍ന്ന് പ്രവര്‍ത്തകര്‍ പ്രസ് ക്ലബ്ബില്‍ കയറി മര്‍ദനമഴിച്ചുവിടുകയായിരുന്നു. ചന്ദ്രിക ഫൊട്ടോഗ്രഫര്‍ ഫുആദ് സനീന്‍, റിപ്പോര്‍ട്ടര്‍ ഷഹബാസ് വെള്ളില എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഫുആദിന്റെ ഫോണ്‍ അക്രമികള്‍ കവര്‍ന്നു. ബൈക്ക് യാത്രക്കാരന്‍ അബ്ദുല്ല ഫവാസും ഫുആദും ചികിത്സയിലാണ്.

അതേസമയം മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പിണറായി പ്രതികരിച്ചത്. മലപ്പുറം പ്രസ് ക്ലബിന് നേരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നടത്തിയ അക്രമം സര്‍ക്കാര്‍ ഗൗരവമായി കാണും.

കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രണ്ട് പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.