ബില്‍ കോസ്ബിയും റോമന്‍ പൊളാന്‍സ്‌കിയും ഓസ്‌കര്‍ അക്കാദമിയില്‍ നിന്ന് പുറത്ത്

single-img
4 May 2018

ലൈംഗികാരോപണം നേരിടുന്ന വിഖ്യാത ഹാസ്യതാരം ബില്‍ കോസ്ബിയെയും ഫ്രഞ്ച് സംവിധായകന്‍ റൊമന്‍ പൊളാന്‍സ്‌കിയേയും ഓസ്‌കര്‍ അക്കാഡമി (അക്കാഡമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസ്) പുറത്താക്കി. ഇരുവരും പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ഡിസംബറിലാണ് അംഗങ്ങള്‍ക്കായി പെരുമാറ്റച്ചട്ടം അക്കാഡമി രൂപീകരിച്ചത്. 14 വര്‍ഷം മുന്‍പു നടന്ന ലൈംഗിക പീഡനക്കേസില്‍ കോസ്ബി കുറ്റക്കാരനെന്ന് കോടതി വിധിച്ചിരുന്നു. മുന്‍ ബാസ്‌കറ്റ് ബോള്‍ താരമായ യുവതിയെ കോസ്ബി തന്റെ ഫിലാഡല്‍ഫിയയിലെ വസതിയില്‍ മയക്കുമരുന്നു നല്‍കിയശേഷം മാനഭംഗപ്പെടുത്തിയെന്നാണു കേസ്.

അമേരിക്കയിലെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയായ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം ലഭിച്ചയാളാണു കോസ്ബി. തേസമയം, 1978ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസാണ് പൊളാന്‍സ്‌കിക്ക് എതിരായ നടപടിക്ക് കാരണമായത്.

കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നു അദ്ദേഹം തടവുശിക്ഷ അനുഭവിച്ചിരുന്നു. 2003ല്‍ മികച്ച സംവിധായകനുള്ള ഓസ്‌കര്‍ പുരസ്‌കാരം നേടിയ വ്യക്തിയാണ് പൊളാന്‍സ്‌കി. നേരത്തെ, ചലച്ചിത്ര നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനെയും ലൈംഗീകാരോപണ കേസില്‍ ഓസ്‌കാര്‍ സമിതി പുറത്താക്കിയിരുന്നു. ലൈംഗികാരോപണമുയര്‍ന്നു പത്തുദിവസത്തിനകമാണ് വെയ്ന്‍സ്റ്റെയ്‌നെ അക്കാഡമി പുറത്താക്കിയത്.