നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സൗദിയില്‍ നിന്നെത്തിയ യാത്രക്കാരന്റെ ആത്മഹത്യാ ഭീഷണി

single-img
4 May 2018

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരന്റെ ആത്മഹത്യാ ഭീഷണി. തിരുവനന്തപുരം സ്വദേശി സുരേഷ് എന്നയാളാണ് കാര്‍ഗോ കെട്ടിടത്തിന്റെ മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നടത്തിയ അനുനയനീക്കങ്ങള്‍ക്കൊടുവില്‍ ഇയാളെ നിലത്തിറക്കി.

രാവിലെ 10 മണിയോടെ സൗദി അറേബ്യയില്‍ നിന്ന് കേരളത്തിലെത്തിയതായിരുന്നു യാത്രക്കാരന്‍. ഇയാള്‍ തിരുവനന്തപുരത്തേക്ക് പോകുന്നതിനായി ഡൊമസ്റ്റിക് ടെര്‍മിനലിലെത്തുകയും തുടര്‍ന്ന് അവിടെനിന്ന് ഇറങ്ങിയോടി തൊട്ടടുത്ത കാര്‍ഗോ കെട്ടിടത്തിന് മുകളില്‍ കയറുകയും ചെയ്തു.

പിന്നീട് ആത്മഹത്യാ ഭീഷണി മുഴക്കി അവിടെ നിലയുറപ്പിച്ചു. ജില്ലാ കളക്ടര്‍ സ്ഥലത്തെത്താതെ താഴിയിറങ്ങില്ലെന്ന നിലപാടിലായിരുന്നു ഇയാള്‍. ഇതോടെ അഗ്‌നിശമനസേനയും പോലീസും താഴെ സുരക്ഷയൊരുക്കി. തുടര്‍ന്ന് നടത്തിയ അനുനയന ശ്രമത്തിന് ശേഷം യാത്രക്കാരന്‍ താഴെയിറങ്ങി.

ആറ്റിങ്ങല്‍ സ്വദേശിയായ ഇയാളെ മാനസികാസ്വസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് സൗദി അറേബ്യയില്‍ നിന്ന് തിരിച്ചയച്ചതായിരുന്നു. ആറ്റിങ്ങല്‍ നിന്ന് വീട്ടുകാരെ വിളിച്ചുവരുത്തി അവരുടെ കൂടെ അയക്കാനാണ് തീരുമാനം.