ചാനല്‍ ചര്‍ച്ചക്കിടെ ബിജെപി നേതാവ് ജെആര്‍ പത്മകുമാര്‍ വീണ്ടും ‘വടികൊടുത്ത് അടിവാങ്ങി’

single-img
4 May 2018

വിവാദമായ ദേശീയ ചലച്ചിത്ര പുരസ്‌ക്കാര ദാന ചടങ്ങുമായി ബന്ധപ്പെട്ട വിഷയമാണ് കഴിഞ്ഞ ദിവസം മാതൃഭൂമി ചാനല്‍ സൂപ്പര്‍ പ്രൈം ടൈമില്‍ ചര്‍ച്ച ചെയ്തത്. ഡോ. ബിജു, ഭാഗ്യലക്ഷ്മി, വിസി അഭിലാഷ്, മേജര്‍ രവി, ബിജെപി നേതാവ് ജെആര്‍ പത്മകുമാര്‍ എന്നിവരാണ് ചര്‍ച്ചയിലുണ്ടായിരുന്നത്.

ചര്‍ച്ചയുടെ തുടക്കത്തില്‍ തന്നെ അവാര്‍ഡ് പ്രഖ്യാപനത്തില്‍ ഞങ്ങള്‍ ഇടപെട്ടില്ലെന്ന് പറഞ്ഞ ജെആര്‍ പത്മകുമാര്‍ ബിജെപിയുടെ രാഷ്ട്രീയം തുറന്നു കാട്ടി. രാഷ്ട്രപതിയുടെ പുതിയ പ്രോട്ടോകോള്‍ അനുസരിച്ച് അവാര്‍ഡ് ദാനചടങ്ങളുകളില്‍ ഒരു മണിക്കൂര്‍ മാത്രമേ പ്രഥമ പൗരന് ചെലവഴിക്കാന്‍ സാധിക്കൂ എന്നു പറഞ്ഞ പത്മകുമാറിന് ഭാഗ്യലക്ഷ്മിയാണ് മറുപടി നല്‍കിയത്.

അങ്ങനെ ഒരു പ്രോട്ടോകോളുണ്ടെങ്കില്‍ എന്തുകൊണ്ട് അവാര്‍ഡ്ദാന ചടങ്ങിന് നല്‍കിയ ബ്രോഷറിലും അതിന് മുമ്പ് അയച്ച ഇമെയ്‌ലിലും ഇക്കാര്യം വ്യക്തമാക്കിയില്ല എന്ന ഭാഗ്യലക്ഷ്മിയുടെ ചോദ്യത്തിന് ബിജെപി നേതാവിന് ചര്‍ച്ചയില്‍ ഉത്തരം മുട്ടി.
നിങ്ങള്‍ പറയുന്നതൊന്നും സമ്മതിച്ച് തരാന്‍ സാധിക്കില്ലെന്നും കലാകാരന്മാര്‍ വിശുദ്ധ പശുക്കളൊന്നും അല്ലെന്നുമായി പത്മകുമാര്‍.

ഒരു സീരിയല്‍ നടിയെ പിടിച്ച് രാജ്യത്തെ വാര്‍ത്താ വിനിമയ മന്ത്രിയാക്കാനുള്ള ബിജെപിയുടെ രാഷ്ട്രീയം എന്താണെന്നും വെടിവെക്കുന്ന മന്ത്രിയെയും അല്ല അവാര്‍ഡ് ജേതാക്കള്‍ക്ക് വേണ്ടെതെന്നും അവതാരകന്‍ വേണു, തുറന്നടിച്ചു. ഇതോടെ ഈ രീതിയില്‍ ചര്‍ച്ച കൊണ്ടുപോകേണ്ട കാര്യമില്ലെന്നും ഇറങ്ങി പോകുമെന്ന ധ്വനിയും പത്മകുമാര്‍ ചര്‍ച്ചക്കിടയില്‍ മുഴക്കി.

രാഷ്ട്രപതിക്ക് അസൗകര്യമുണ്ടെങ്കില്‍ അവാര്‍ഡുകള്‍ ഉപരാഷ്ട്രപതി നല്‍കട്ടെ എന്ന് അവാര്‍ഡ് ജേതാക്കള്‍ സര്‍ക്കാരിനോട് ഉപാധി വെച്ചിരുന്നുവെന്നും അതിന് അനുവദിച്ചില്ലെന്നും സംവിധായകന്‍ വിസി അഭിലാഷ് വ്യക്തമാക്കിയതോടെ ബിജെപി നേതാവിന് വീണ്ടും ഉത്തരമില്ലാതായി.