‘ചോറ് ഇവിടെയും കൂറ് അവിടെയും’: സിദ്ധരാമയ്യ സര്‍ക്കാരിനെ ‘നൂറ് കുറ്റം’ പറഞ്ഞ് വോട്ട് പിടിക്കാന്‍ ഇറങ്ങുന്ന ബിജെപിക്കാര്‍ ക്യൂ നിന്ന് ഭക്ഷണം കഴിക്കുന്നത് ഇന്ദിരാ കാന്റീനില്‍ നിന്ന്

single-img
4 May 2018

തമിഴ്‌നാട്ടിലെ അമ്മ കാന്റീന്‍ മാതൃകയില്‍ കര്‍ണ്ണാടകയില്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ ആരംഭിച്ച ഇന്ദിര കാന്റീനു മുന്നില്‍ ക്യൂ നിന്ന് ഭക്ഷണം വാങ്ങി കഴിക്കുന്ന ബിജെപി പ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ബിജെപി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ട് തേടിയിറങ്ങുന്ന പ്രവര്‍ത്തകര്‍ സിദ്ധരാമയ്യ സര്‍ക്കാരിന്റെ ഭരണത്തിനെതിരെ ആഞ്ഞടിച്ച് ശേഷമാണ്, അതേ സിദ്ധരാമയ സര്‍ക്കാര്‍ തുടങ്ങിയ ഇന്ദിര കാന്റീനില്‍ വന്ന് ഭക്ഷണം കഴിക്കുന്നത്.

ഇന്ദിര കാന്റീനില്‍ പ്രഭാത ഭക്ഷണത്തിന് 5 രൂപയും ഉച്ചഭക്ഷണം, രാത്രി ഭക്ഷണം എന്നിവയ്ക്ക് പത്ത് രൂപയുമാണ് ഈടാക്കുന്നത്. ഇതാണ് പ്രവര്‍ത്തകരെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. എന്തൊക്കെ പറഞ്ഞാലും വന്‍ വിലക്കുറവിലും നല്ല ഭക്ഷണമാണ് തരുന്നതെന്ന് ബിജെപിക്കാരും രഹസ്യമായി സമ്മതിക്കുന്നുണ്ട്.

ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട കര്‍ണ്ണാടക കൃഷിമന്ത്രി കൃഷ്ണ ബൈര ഗൗഡ തെരഞ്ഞെടുപ്പ് ആയുധമായി ഇതിനെ ഉപയോഗിക്കുകയും ചെയ്തു. ‘ബിജെപിയെ പിന്തുണയ്ക്കുന്നവര്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ കൊണ്ടുവന്ന ഇന്ദിരാ കാന്റീന്‍ ഉപയോഗിക്കുന്നുവെന്നുള്ളത് സന്തോഷകരമാണ്.

ഇത് യാതൊരു സാധാരണക്കാരനും ഉതകുന്ന രീതിയിലാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ ഇന്ദിരാ കാന്റീനുകള്‍ വിഭാവനം ചെയ്തിരിക്കുന്നതെന്നു കാട്ടിത്തരുകയാണ് ചെയ്തിരിക്കുന്നത്’ – ചിത്രം ട്വീറ്റ് ചെയ്ത് കൃഷ്ണ ബൈര കുറിച്ചു.