കാര്‍ഷിക കടം എഴുതിത്തള്ളല്‍, സ്റ്റാര്‍ട്ട് അപ്പുകള്‍, സ്ത്രീകള്‍ക്ക് ഒരു ശതമാനം പലിശക്ക് വായ്പ: കര്‍ണാടകയില്‍ വാഗ്ദാനപ്പെരുമഴയുമായി ബിജെപി പ്രകടനപത്രിക

single-img
4 May 2018

ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കി. മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ്.യദ്യൂരപ്പയും കേന്ദ്രമന്ത്രി അനന്ദ് കുമാറും ചേര്‍ന്നാണ് പ്രകടന പത്രിക പുറത്തിറക്കിയത്. സംസ്ഥാനത്തെ കര്‍ഷകരും നെയ്ത്തുകാരും സഹകരണ ബാങ്കുകളില്‍ നിന്നെടുത്തിട്ടുള്ള ഒരു ലക്ഷം രൂപവരെയുള്ള വായ്പകള്‍ എഴുതിത്തള്ളുമെന്നാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം.

അതേസമയം, ദേശസാല്‍കൃത ബാങ്കുകളിലെ വായ്പകള്‍ സംബന്ധിച്ച് പ്രകടനപത്രികയില്‍ പരാമര്‍ശിച്ചിട്ടില്ല. 1,000 കര്‍ഷകര്‍ക്ക് ഇസ്രയേല്‍, ചൈന തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനും പുതിയ കൃഷി രീതികളെക്കുറിച്ച് മനസിലാക്കുന്നതിനും അവസരമൊരുക്കുമെന്നും വാഗ്ദാനമുണ്ട്.

സ്ത്രീകള്‍ക്ക് ഒരു ശതമാനം പലിശയില്‍ രണ്ടു ലക്ഷം രൂപവരെ വായ്പ നല്‍കുമെന്നും ലോകായുക്തയ്ക്ക് കൂടുതല്‍ അധികാരം നല്‍കുമെന്നും പ്രകടനപത്രികയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ബിജെപി അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തെ സ്ത്രീ സുരക്ഷ കര്‍ശനമാക്കുമെന്നും സ്ത്രീകള്‍ക്കെതിരായി നിലവിലുള്ള കേസുകളും ഇനി വരുന്ന കേസുകളും അന്വേഷിക്കുക വനിതാ പോലീസ് ഓഫീസര്‍മാര്‍ മാത്രമായിരിക്കുമെന്നും പ്രകടപത്രികയില്‍ പറയുന്നുണ്ട്.

ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി കൂടി എത്തിയതോടെ പ്രചാരണം പാരമ്യത്തിലേക്ക് കടന്നു. കേന്ദ്രഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും കോണ്‍ഗ്രസിനെതിരെ കൂരമ്പുകളെയ്തുമാണ് നരേന്ദ്രമോദിയുടെ പര്യടനം. അതേസമയം, പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ മോദി വഞ്ചിച്ചെന്നും മോദി നാടകം കളിക്കുകയാണെന്നും തിരിച്ചടിച്ച് രാഹുല്‍ ഗാന്ധിയും രംഗത്തെത്തി.

തിരഞ്ഞെടുപ്പ് ചൂടേറുന്ന കര്‍ണാടകയില്‍ ദേശീയ നേതാക്കള്‍ തമ്മിലുള്ള വാക്‌പോരിനാണ് പ്രചാരണരംഗം സാക്ഷ്യം വഹിക്കുന്നത് എന്ന് ചുരുക്കം. സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ ചോദ്യം ചെയ്യുന്ന കോണ്‍ഗ്രസ് രാജ്യത്തെ സൈനികരെ അപമാനിക്കുകയാണ് ചെയ്യുന്നതെന്നും കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ ചില കുടുംബങ്ങള്‍ക്ക് മാത്രമായിരിക്കും ഗുണമെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

പ്രധാനമന്ത്രി ഒരുതവണയെങ്കിലും സത്യം പറയണമെന്നായിരുന്നു രാഹുലിന്റെ തിരിച്ചടി. തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്ത് ജനങ്ങളെ കബളിപ്പിച്ച് മോദി കര്‍ണാടകയിലെ പ്രശ്‌നങ്ങളെപ്പറ്റി മൗനം പാലിക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ബാങ്ക് തട്ടിപ്പിനെക്കുറിച്ചുയരുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ മോദിക്ക് കഴിയുന്നില്ലെന്നും കേന്ദ്രത്തിലെ ഗബ്ബര്‍ സിങ് ഗ്യാങ്ങിനെ പിരിച്ചു വിടേണ്ടതുണ്ടെന്നും രാഹുല്‍ പറഞ്ഞു. പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും ഒരേസമയം പ്രചാരണ രംഗത്തിറങ്ങിയതോടെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനാണ് കര്‍ണാടക സാക്ഷ്യം വഹിക്കുന്നത്.