‘മോദി സര്‍ക്കാരെ… പെട്രോളിനും ഡീസലിനും വിലകൂട്ടി പൊതുജനത്തെ കൊള്ളയടിച്ച് കിട്ടുന്ന പണമൊന്നും ഇവര്‍ക്ക് വേണ്ട….; ആരുടെയും സഹായമില്ലാതെ ശൗചാലയം പണികഴിപ്പിച്ച് 87കാരി

single-img
4 May 2018

മല,മൂത്ര വിസര്‍ജ്ജനത്തിനായി പൊതുസ്ഥലങ്ങളെ ആശ്രയിക്കേണ്ടി വരുന്നവരാണ് ഉദ്ദംപൂര്‍ ജില്ലയിലെ ബദാലി ഗ്രാമത്തിലുള്ളവര്‍. പൊതുസ്ഥലങ്ങളിലെ മല,മൂത്ര വിസര്‍ജ്ജനത്തിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി ജില്ലാ ഭരണകൂടം ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചിരുന്നു.

ബോധവല്‍ക്കരണ ക്ലാസ് കൊണ്ട് എന്തായാലും ഗുണമുണ്ടായി. ശൗചാലയം നിര്‍മ്മിക്കാന്‍ ഒരാള്‍ രംഗത്തെത്തി. 87കാരിയായ രാഖി. ശൗചാലത്തിന്റെ നിര്‍മ്മാണവും ആരംഭിച്ചു കഴിഞ്ഞു. ആരുടെയും സഹായമില്ലാതെ ഒറ്റയ്ക്കാണ് രാഖി ശൗചാലയം നിര്‍മ്മിക്കുന്നത്.

തൊഴിലാളികള്‍ക്ക് പണം കൊടുക്കാനില്ലാത്തതിനാല്‍ കെട്ടിടപണിയടക്കം രാഖിയാണ് സ്വയം ചെയ്യുന്നത്. പൊതുസ്ഥലത്തെ മല,മൂത്ര വിസര്‍ജ്ജനത്തിന്റെ ദൂഷ്യഫലങ്ങളറിയാത്തതിനാല്‍ താന്‍ കാലങ്ങളായി പൊതുയിടങ്ങളെയായിരുന്നു ആശ്രയിച്ചിരുന്നതെന്ന് രാഖി പറഞ്ഞു.

ഏഴ് ദിവസത്തിനുള്ളില്‍ ശൗചാലത്തിന്റെ പണി പൂര്‍ത്തിയാകുമെന്നും രാഖി പറഞ്ഞു. രാഖിയുടെ പ്രവൃത്തിയെ അഭിനന്ദിച്ച് ഉദ്ദംപൂര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ രംഗത്തെത്തി. ആളുകള്‍ തങ്ങളുടെ പരമ്പരാഗത ചിന്താഗതി മാറ്റേണ്ടസമയമായിരിക്കുന്നു. 87കാരിയായ സ്ത്രീ മറ്റൊരാളുടെ സഹായമില്ലാതെ സ്വന്തമായി ശൗചാലയം നിര്‍മ്മിക്കുന്നുവെന്ന് കേട്ടപ്പോള്‍ അദ്ഭുതമാണ് തോന്നിയത്. എല്ലാവരും അവരെ കണ്ട് പഠിക്കണമെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.