ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രതിഷേധത്തില്‍ ഭിന്നത; ചടങ്ങ് ബഹിഷ്‌കരിക്കില്ലെന്ന് യേശുദാസും ജയരാജും

single-img
3 May 2018

ന്യൂഡല്‍ഹി: അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര ദാന ചടങ്ങ് സംബന്ധിച്ച് പ്രതിസന്ധി തുടരുമ്പോള്‍ തന്റെ നിലപാട് വ്യക്തമാക്കി യേശുദാസ് രംഗത്ത്. പുരസ്‌കാര ദാന ചടങ്ങില്‍ പങ്കെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. സംവിധായകന്‍ ജയരാജും ചടങ്ങില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ചടങ്ങ് ബഹിഷ്‌കരിക്കുന്നതിനു താല്‍പര്യമില്ലെന്നും വിവേചനത്തില്‍ പ്രതിഷേധിച്ചാണ് നിവേദനത്തില്‍ ഒപ്പുവച്ചതെന്നും നിവേദനം നല്‍കിയതിനെ പിന്തുണയ്ക്കുന്നുവെന്നും യേശുദാസ് വ്യക്തമാക്കി. അതേസമയം ഫഹദ് ഫാസില്‍, പാര്‍വതി എന്നിവരുള്‍പ്പെടെ എഴുപതിലധികം ജേതാക്കള്‍ ചടങ്ങ് ബഹിഷ്‌കരിക്കും.

65 മത് ദേശീയ ചലച്ചിത്ര പുരസ്‌ക്കാര സമര്‍പ്പണച്ചടങ്ങിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെയാണ് വിവാദം കത്തുന്നത്. രാഷ്ട്രപതി മുഴുവന്‍ പുരസ്‌ക്കാരങ്ങളും വിതരണം ചെയ്യണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഒരുവിഭാഗം പുരസ്‌ക്കാര ജേതാക്കള്‍.

എന്നാല്‍ രാഷ്ട്രപതിയും വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രിയും ചേര്‍ന്ന് പുരസ്‌കാര സമര്‍പ്പണം നടത്തുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. സ്മൃതി ഇറാനി പുരസ്‌ക്കാരം നല്‍കിയാല്‍ ചടങ്ങ് ബഹിഷ്‌ക്കരിക്കുമെന്ന് പുരസ്‌ക്കാര ജേതാക്കള്‍ വ്യക്തമാക്കി. ജൂറി അധ്യക്ഷന്‍ ശേഖര്‍ കപൂറിന്റെ നേതൃത്വത്തില്‍ അനുരഞ്ജന നീക്കങ്ങള്‍ നടക്കുകയാണ്.

ദാദാസാഹിബ് പുരസ്‌കാരവും മികച്ച സംവിധായകനുള്ള സുവര്‍ണ കമലവുമടക്കം 11 അവാര്‍ഡുകള്‍ രാഷട്രപതി റാം നാഥ് കോവിന്ദും ബാക്കി പുരസ്‌ക്കാരങ്ങള്‍ വാര്‍ത്താ വിതരണ പ്രക്ഷേണ മന്ത്രി സ്മൃതി ഇറാനിയും നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.

എന്നാല്‍ ഇത് വിവേചനമാണെന്നന്ന് ചൂണ്ടിക്കാട്ടിയാണ് പുരസ്‌ക്കാര ജേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. രാഷ്ട്രപതി എല്ലാവര്‍ക്കും പുരസ്‌ക്കാരം നല്‍കിയില്ലെങ്കില്‍ ചടങ്ങ് ബഹിഷ്‌ക്കരിക്കാന്‍ ഇന്ന് രാവിലെ ചേര്‍ന്ന പുരസ്‌ക്കാര ജേതാക്കളുടെ യോഗം തീരുമാനിക്കുകയായിരുന്നു.