രാജസ്ഥാന്റെ വിവിധ ഭാഗങ്ങളില്‍ വീശിയടിച്ച മണല്‍ക്കാറ്റില്‍ 22 മരണം

single-img
3 May 2018

രാജസ്ഥാനിലെ പൊടിക്കാറ്റിലും മഴയിലും മരിച്ചവരുടെ എണ്ണം ഇരുപത്തിരണ്ടായി. നൂറ് പേര്‍ക്ക് പരുക്കേറ്റു. ആല്‍വാര്‍, ജോധ്പുര്‍, ഭരത്പുര്‍ എന്നിവിടങ്ങളിലാണ് ഇന്നലെ അര്‍ധരാത്രിയോടെ പൊടിക്കാറ്റ് വീശിയടിച്ചത്. ഇലക്ട്രിക് പോസ്റ്റുകള്‍ ഒടിഞ്ഞ് വൈദ്യുതി ബന്ധം തകരാറിലായി.

1000 ലേറെ പോസ്റ്റുകളാണ് തകര്‍ന്നത്. ആള്‍വാര്‍ നഗരം പൂര്‍ണമായും ഇരുട്ടിലായി. സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഭരത്പൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ മാത്രം 11 പേര്‍ മരിച്ചു. മരം കടപുഴകി വീണതിന്റെ അടിയില്‍പ്പെട്ടാണ് മരണങ്ങളിലേറെയും. കാറ്റില്‍ ഇളകിവീണ വൈദ്യുതികമ്പിയില്‍ തട്ടിയും ഒട്ടേറെ പേര്‍ മരിച്ചു. മേഖലയില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കി.