മലപ്പുറം പ്രസ് ക്ലബിനകത്ത് കയറി ആര്‍.എസ്.എസ് അക്രമം: മാധ്യമ പ്രവര്‍ത്തകന് പരിക്ക്

single-img
3 May 2018

മലപ്പുറം: മലപ്പുറം പ്രസ് ക്ലബിനകത്ത് കയറി ആര്‍.എസ്.എസ് അക്രമം. ചന്ദ്രിക ഫോട്ടോഗ്രാഫര്‍ ഫുആദിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മര്‍ദിക്കുകയും ഫോണ്‍ പിടിച്ചുവാങ്ങുകയും ചെയ്തു. ആര്‍.എസ്.എസ് പ്രകടനത്തിനിടെ ബൈക് യാത്രക്കാരനെ മര്‍ദിക്കുന്ന ദൃശ്യം ഫുആദ് പകര്‍ത്തിയതാണ് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പ്രകോപനത്തിന് കാരണം.

ആര്‍എസ്എസ് കാര്യാലയത്തിന് നേരെ കഴിഞ്ഞ ദിവസം സ്‌ഫോടകവസ്തു എറിഞ്ഞതില്‍ പ്രതിഷേധിച്ചാണ് ആര്‍എസ്എസ് നഗരത്തില്‍ പ്രകടനം നടത്തിയത്. ഈ പ്രകടനം വരുന്നത് കണ്ട് ബൈക്കെടുത്ത് പോകാന്‍ ഒരുങ്ങിയ യുവാവിനെ പിടിച്ചുനിര്‍ത്തുകയും ബൈക്കിന്റെ താക്കോല്‍ ഊരിയെടുക്കുകയുമായിരുന്നു.

പ്രസ് ക്ലബില്‍ ഇരിക്കുകയായിരുന്ന ഫോട്ടോഗ്രാഫര്‍ ഫുവാദ് തന്റെ മൊബൈലില്‍ ഇതിന്റെ ചിത്രം പകര്‍ത്തി. ഇത് ശ്രദ്ധയില്‍ പെട്ട പ്രവര്‍ത്തകര്‍ പ്രസ് ക്ലബില്‍ കയറി മര്‍ദിക്കുകയും മൊബൈല്‍ പിടിച്ചുവാങ്ങി പോകുകയുമായിരുന്നു. പരിക്കേറ്റ ഫുവാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.