മോദിക്കിഷ്ടം വിദേശത്ത് പറന്നു നടക്കാന്‍: സ്വന്തം രാജ്യത്തെ യാത്രകള്‍ തെരഞ്ഞെടുപ്പ് മാത്രം ലക്ഷ്യംവെച്ചുള്ളത്; പല സംസ്ഥാനങ്ങളെയും അവഗണിക്കുന്നു; യാത്രകളില്‍ കൂടുതലും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്ക്

single-img
3 May 2018

അധികാരത്തിലേറിയത് മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെട്ടിട്ടുള്ളത് വിദേശയാത്രകളുടെ പേരിലാണ്. സ്വന്തം രാജ്യത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നേരമില്ലാതെ സദാസമയവും വിദേശരാജ്യങ്ങളില്‍ പര്യടനങ്ങളിലാണെന്നാണ് മോദി നേരിടുന്ന ഏറ്റവും വലിയ ആരോപണം.

മോദി നടത്തുന്ന വിദേശയാത്രകള്‍ ആഭ്യന്തര വികസന വിദേശ നയത്തിന്റെ ഭാഗമാണെന്നാണ് ബിജെപിയുടെ വാദം. അതേസമയം മോദി ഇന്ത്യയില്‍ നടത്തിയ ആഭ്യന്തരയാത്രകളുടെ എണ്ണമെടുത്തുനോക്കിയാല്‍ അജണ്ട വ്യക്തമാകും. തെരഞ്ഞെടുപ്പുകള്‍ മാത്രം ലക്ഷ്യം വെച്ചുള്ളതായിരുന്നു മോദിയുടെ ഇന്ത്യയിലെ യാത്രകളെല്ലാം.

പ്രധാനമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് കഴിഞ്ഞ 4 വര്‍ഷത്തിനിടെ നടത്തിയ ആഭ്യന്തരയാത്രകളുടെ വിശദാംശങ്ങള്‍ ലഭ്യമാണ്. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ബിജെപി ഭരിക്കുന്ന ഗുജറാത്തിലും ഉത്തര്‍പ്രദേശിലുമായിരുന്നു കൂടുതല്‍ തവണ സന്ദര്‍ശനം നടത്തിയത്.

ഇതില്‍ ഗുജറാത്ത് മോദിയുടെ സ്വന്തം തട്ടകമാണ്. ഉത്തര്‍പ്രദേശാകട്ടെ ലോക്‌സഭയിലേക്ക് മത്സരിച്ച വാരണാസി സ്ഥിതി ചെയ്യുന്ന സംസ്ഥാനവും. ദക്ഷിണേന്ത്യയില്‍ തമിഴ്‌നാടായിരുന്നു മോദി കൂടുതല്‍ സന്ദര്‍ശനത്തിനെത്തിയ സംസ്ഥാനം. 2014 ജൂണ്‍ മുതല്‍ 2018 ഏപ്രില്‍ വരെയുള്ള കണക്കുകള്‍ പ്രകാരം പ്രധാനമന്ത്രി ഏറ്റവും കൂടുതല്‍ ഔഗ്യോഗിക സന്ദര്‍ശം നടത്തിയ സംസ്ഥാനങ്ങള്‍ രണ്ടെണ്ണം മാത്രമാണ്.

ഗുജറാത്തും ഉത്തര്‍പ്രദേശും. രണ്ടും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. 20 ഔദ്യോഗിക സന്ദര്‍ശനങ്ങളാണ് ഈ സംസ്ഥാനങ്ങളില്‍ മോദി നടത്തിയത്. ഇതേ കാലഘട്ടത്തില്‍ ഏറ്റവും കുറവ് ഔദ്യോഗിക സന്ദര്‍ശനങ്ങള്‍ നടത്തിയത് കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന, ചത്തീസ്ഗഡ്, ഒഡീഷ, പശ്ചിമ ബംഗാള്‍, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, അരുണാചല്‍ പ്രദേശ്, സിക്കിം, മേഘാലയ, മണിപ്പൂര്‍, നാഗാലാന്റ്, ത്രിപുര, മിസോറാം എന്നീ സംസ്ഥാനങ്ങളിലാണ്.

1 മുതല്‍ 5 തവണ വരെ മാത്രമാണ് ഈ സംസ്ഥാനങ്ങളില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായി മോദി എത്തിയത്. ഉത്തര്‍പ്രദേശില്‍ മാത്രമാണ് കൂടുതല്‍ തവണ അനൗദ്യഗിക സന്ദര്‍ശനം നടത്തിയത്. 15ഓളം അനൗദ്യോഗിക സന്ദര്‍ശനങ്ങള്‍ നടത്തിയ സംസ്ഥാനം ബിഹാറാണ്.

ഗുജറാത്തിലും ജാര്‍ഖണ്ഡിലും ഈ കാലഘട്ടത്തില്‍ നടത്തിയത് പത്തോളം അനൗദ്യോഗിക സന്ദര്‍ശനങ്ങളാണ്. അതേസമയം 2014-18 കാലഘട്ടത്തില്‍ ഒട്ടും അനൗദ്യോഗിക സന്ദര്‍ശനം നടത്താത്ത സംസ്ഥാനങ്ങള്‍ മധ്യപ്രദേശും രാജസ്ഥാനുമാണ്. ഏറ്റവും കൂടുതല്‍ ആഭ്യന്തരയാത്രകള്‍ 2017ല്‍ നടത്തിയപ്പോള്‍ മോദി കുറവ് യാത്രകള്‍ നടത്തിയത് 2014ലായിരുന്നു.

അതേസമയം കഴിഞ്ഞ നാല് വര്‍ഷത്തെ കണക്കെടുക്കുകയാണെങ്കില്‍ ഹിമാചല്‍ പ്രദേശിലേക്കും പഞ്ചാബിലേക്കും നടത്തിയത് 7 യാത്രകള്‍ മാത്രമാണ്. രാജസ്ഥാനിലേക്ക് ആറും ആന്ധ്രാപ്രദേശിലേക്കും പശ്ചിമബംഗാളിലേക്കും അഞ്ചും ചത്തീസ്ഗഡ്, ഗോവ, ഒഡീഷ, തെലങ്കാന എന്നിവിടങ്ങളിലേക്ക് നാലും യാത്രകളായിരുന്നു മോദി നടത്തിയത്.

മണിപ്പൂര്‍, മേഘാലയ, ത്രിപുര എന്നിവിടങ്ങളിലേക്ക് മൂന്നും അരുണാചല്‍ പ്രദേശ്, ചണ്ഡീഗഡ്, നാഗാലാന്റ് എന്നിവിടങ്ങളിലേക്ക് രണ്ടും യാത്രകള്‍ മോദി നടത്തി. ദാദ്ര ആന്റ് നാഗര്‍ ഹവേലി, ഡാമന്‍ആന്റ് ദിയു, ലക്ഷദ്വീപ്, മിസോറാം, പോണ്ടിച്ചേരി, സിക്കിം എന്നിവിടങ്ങളിലേക്ക് ഒരോ തവണ വീതമാണ് യാത്ര നടത്തിയത്.

2014ല്‍ മഹാരാഷ്ട്രയും ജമ്മു കശ്മീരുമായിരുന്നു കൂടുതല്‍ തവണ സന്ദര്‍ശിച്ചത്. 9 തവണ. ജാര്‍ഖണ്ഡിലും ഹരിയാനയിലും 7 തവണയും സന്ദര്‍ശനം നടത്തി. ഈ നാല് സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടക്കുന്നതിനാലായിരുന്നു മോദിയുടെ സന്ദര്‍ശനം. 2015ല്‍ തെരഞ്ഞെടുപ്പ് നടന്ന ബിഹാറിലേക്കായിരുന്നു ഏറ്റവും കൂടുതല്‍ തവണ യാത്ര നടത്തിയത്.

ഡല്‍ഹിയിലും തെരഞ്ഞെടുപ്പുണ്ടായിരുന്നു. 2016ല്‍ അസം, കേരള, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പായിരുന്നു. കേരളത്തിലേക്ക് 6 തവണയാണ് സന്ദര്‍ശനം നടത്തിയത്. 2017ല്‍ തെരഞ്ഞെടുപ്പ് നടന്ന ഉത്തര്‍പ്രദേശിലും ഗുജറാത്തിലും തന്നെയായിരുന്നു മോദിയുടെ സന്ദര്‍ശനം കൂടുതലും.

21 തവണയാണ് ഇരുസംസ്ഥാനങ്ങളിലും മോദി ഈ കാലഘട്ടത്തില്‍ സന്ദര്‍ശനം നടത്തിയത്. 2018ല്‍ ഇതുവരെ ഗുജറാത്ത്, കര്‍ണാടക, രാജസ്ഥാന്‍, തമിഴ്‌നാട്, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ 2 വീതം സന്ദര്‍ശനങ്ങളാണ് മോദി നടത്തിയത്.

കടപ്പാട്:factly.in