കൊടുംവേനലിലെ ചൂട് സഹിക്കാം; കോണ്‍ഗ്രസിനെ സഹിക്കാനാകില്ലെന്ന് മോദി

single-img
3 May 2018

കോണ്‍ഗ്രസിനെ കടന്നാക്രമിച്ചു കര്‍ണാടകയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ മൂന്നാം ഘട്ടം തുടങ്ങി. ഇന്ത്യയുടെ എല്ലാ ഭാഗത്തുനിന്നും കോണ്‍ഗ്രസ് നാമാവശേഷമായിക്കൊണ്ടിരിക്കുകയാണെന്നു കലബുറഗിയില്‍ നടത്തിയ തിരഞ്ഞെടുപ്പു റാലിയില്‍ പ്രധാനമന്ത്രി പരിഹസിച്ചു.

‘ഈ കൊടും ചൂട് സഹിക്കാന്‍ ആളുകള്‍ തയാറാണ്. എന്നാലും കോണ്‍ഗ്രസിനെ സഹിക്കാനാകില്ലെന്നാണു നിലപാട്. കര്‍ണാടകയിലെ സര്‍ക്കാരിനെ താഴെയിറക്കണമെന്നാണ് ആളുകള്‍ പങ്കുവയ്ക്കുന്ന വികാരം. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പേരു കേട്ടാല്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് ഉറക്കം നഷ്ടപ്പെടുന്ന സ്ഥിതിയാണ്.

കോണ്‍ഗ്രസ്സുകാരുടെ സ്വാഭാവിക പ്രകൃതം തന്നെ ദേശസ്‌നേഹികളെ കുത്തിനോവിക്കുക എന്നതാണ്. എല്ലാവരും സ്വാതന്ത്ര്യസമര സേനാനികളെ മറക്കണം എന്നാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും മോദി പറഞ്ഞു. രാജ്യത്തിനുവേണ്ടി ജീവന്‍ വെടിഞ്ഞവരുടെ സംഭാവനകളെ കോണ്‍ഗ്രസ് വിലമതിക്കാറില്ല.

പകരം അവരെ അപമാനിക്കാനാണ് എപ്പോഴും ശ്രമിക്കാറുള്ളതെന്നും പ്രധാനമന്ത്രി ആരോപിച്ചു. രക്തസാക്ഷികളേയും പട്ടാളക്കാരേയും അപമാനിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇന്ത്യന്‍ സൈന്യം സെപ്റ്റംബറില്‍ നടത്തിയ സര്‍ജിക്കര്‍ സ്‌ട്രൈക്കിനെ കോണ്‍ഗ്രസ് ചോദ്യം ചെയ്യുന്നത്.

മിന്നലാക്രമണം നടത്തിയകാര്യം അവര്‍ ഇപ്പോഴും വിശ്വസിക്കാന്‍ തയ്യാറല്ല. അങ്ങനെയൊരു സംഭവം നടന്നോ എന്നതിന് അവര്‍ക്ക് തെളിവ് വേണം. ഇന്ത്യന്‍ പട്ടാളക്കാര്‍ തോക്കുകള്‍ക്കൊപ്പം ക്യാമറയും കൊണ്ടുപോവണമെന്നാണോ കോണ്‍ഗ്രസ് പറയുന്നതെന്നും പ്രധാനമന്ത്രി ചോദിച്ചു.

സൈനിക മേധാവി ബിപിന്‍ റാവത്തിനെ കൊള്ളക്കാരനെന്നാണ് കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് വിളിച്ചതെന്നും മോദി കുറ്റപ്പെടുത്തി. അക്ഷരാഭ്യാസമില്ലാത്തവര്‍ പോലും ചെയ്യാത്ത കാര്യമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് എം.എല്‍.എമാരെ തിരഞ്ഞെടുക്കാന്‍ മാത്രമല്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇത് സ്ത്രീകളുടെ സുരക്ഷയ്ക്കും, കര്‍ഷകരുടെ രക്ഷയ്ക്കും വേണ്ടിയുള്ളതാണ്. ഇതിനെ എം.എല്‍.എമാരെ തിരഞ്ഞെടുക്കാനുള്ളത് മാത്രമായി ചുരുക്കരുതെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.