ലിഗക്ക് ഇന്ന് തലസ്ഥാനത്ത് അന്ത്യവിശ്രമം: കസ്റ്റഡിയിലുള്ള രണ്ടു പേരുടെ അറസ്റ്റ് ഇന്ന് ഉച്ചയോടെ

single-img
3 May 2018

വിദേശവനിത ലിഗക്ക് ഇന്ന് തലസ്ഥാനത്തിന്റെ മണ്ണില്‍ അന്ത്യവിശ്രമം ഒരുങ്ങും. വൈകീട്ട് നാലിന് ക്രൈസ്തവ ആചാരപ്രകാരം തൈക്കാട് ശാന്തികവാടത്തില്‍ ലിഗയുടെ മൃതദേഹം സംസ്‌കരിക്കും. ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേരയുടെ മുഖ്യ കാര്‍മികത്വത്തിലാകും ചടങ്ങുകള്‍ നടക്കുക.

സ്വദേശത്തേക്ക് കൊണ്ടുപോയി സംസ്‌കരിക്കണമെന്നായിരുന്നു സഹോദരി ഇലീസിന്റെ ആഗ്രഹം. എന്നാല്‍, മൃതദേഹത്തിന്റെ കാലപ്പഴക്കവും ജീര്‍ണിച്ച അവസ്ഥയും വിമാനമാര്‍ഗം കൊണ്ടുപോകുന്നതിന് തടസ്സമാകും എന്നുള്ളതിനാലാണ് കൂടപ്പിറപ്പിന് ജീവന്‍ നഷ്ടമായ മണ്ണില്‍തന്നെ അന്ത്യവിശ്രമം ഒരുക്കാന്‍ കുടുംബം തീരുമാനിച്ചത്.

അതിനിടെ ലിഗയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു കസ്റ്റഡിയിലുള്ള രണ്ടു പേരുടെ അറസ്റ്റ് പൊലീസ് ഇന്ന് ഉച്ചയോടെ രേഖപ്പെടുത്തും. പനത്തുറ സ്വദേശികളായ രണ്ടുപേരാണ് കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തത്. ഇരുവര്‍ക്കുമെതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ചു.

ഇവര്‍ കുറ്റം സമ്മതിച്ചതായാണു പൊലീസ് പറയുന്നത്. ആന്തരികാവയങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ട് രാവിലെ പൊലീസിനു കൈമാറും. ഇതു കൂടി വിലയിരുത്തിയശേഷമായിരിക്കും അറസ്റ്റ്. ലിഗയുടെ മൃതദേഹം ശാന്തികവാടത്തില്‍ സംസ്‌കരിക്കുന്നതിനു മുന്‍പായി അറസ്റ്റ് രേഖപ്പെടുത്താനാണു പൊലീസ് തീരുമാനം.

ലിഗയുടെ മൃതേദഹം കണ്ടെത്തിയ വാഴമുട്ടത്തെ പൊന്തക്കാട്ടില്‍ സ്ഥിരമായി ഒത്തുകൂടുന്ന നാലു പ്രദേശവാസികളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇവര്‍ കസ്റ്റഡിയിലുണ്ട്. ഇതിനു സമീപത്താണ് ഇവര്‍ താമസിക്കുന്നത്. കഴിഞ്ഞ ദിവസം നടത്തിയ ചോദ്യം ചെയ്യലില്‍ ഇവരില്‍ രണ്ടു പേരില്‍നിന്നു നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിരുന്നു.

കോവളത്തെത്തിയ ലിഗയെ കസ്റ്റഡിയിലുള്ളവരുടെ സുഹൃത്ത് ബോട്ടിങ്ങിനെന്ന പേരില്‍ കണ്ടല്‍ക്കാട്ടിലേക്കു കൊണ്ടുവന്നു. ഇക്കാര്യം ഇയാള്‍ മറ്റു രണ്ടുപേരെ അറിയിച്ചു. കാട്ടിലെത്തിയ ഇവര്‍ ലിഗയ്ക്കു സിഗരറ്റ് നല്‍കി. തുടര്‍ന്നു കൂടുതല്‍ പണം ലിഗയില്‍നിന്നു കൈക്കലാക്കാന്‍ ശ്രമിച്ചതാണു തര്‍ക്കത്തിനു കാരണമെന്നാണ് ഒരാളുടെ മൊഴി. പണം നല്‍കാത്തിന്റെ പേരില്‍ പിടിവലി ഉണ്ടായപ്പോള്‍ പിടിച്ചുതള്ളിയെന്നും ഇയാള്‍ പറഞ്ഞു.

പീഡന ശ്രമവും കയ്യേറ്റ ശ്രമവുമുണ്ടായെന്നാണു രണ്ടാമത്തെയാളുടെ മൊഴിയെന്നും പൊലീസ് പറയുന്നു. പൊന്തക്കാട്ടിലെത്തിയ ലിഗയുമായി സൗഹൃദത്തിലായശേഷം പീഡനത്തിനു ശ്രമിച്ചെന്നാണ് ഇയാള്‍ പറയുന്നത്. ഫൊറന്‍സിക് റിപ്പോര്‍ട്ടുകള്‍ വന്നതിനുശേഷമേ മരണ കാരണം കൂടുതല്‍ വ്യക്തമാകുകയുള്ളൂ. കാട്ടില്‍നിന്നു ശേഖരിച്ച തെളിവുകളുടെ ഫൊറന്‍സിക് ഫലവും തലമുടിയുടെ ഡിഎന്‍എ പരിശോധാനാ ഫലവും ലഭിക്കാനുണ്ട്.