ലിഗയുടെ മൃതദേഹം ദഹിപ്പിക്കുന്നതിനെ എതിര്‍ത്ത് കുമ്മനം രാജശേഖരന്‍

single-img
3 May 2018

തിരുവനന്തപുരം: ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട വിദേശ വനിത ലിഗയുടെ മൃതദേഹം ദഹിപ്പിക്കരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ആരെയൊക്കെയോ രക്ഷിക്കാന്‍ വേണ്ടിയാണ് അന്വേഷണം തീരുന്നതിന് മുമ്പേ മൃതദേഹം ദഹിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലിഗയുടെ ഭര്‍ത്താവ് ട്വിറ്റര്‍ വഴി മരണവുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.

ബന്ധുക്കളുടേയും മറ്റും സംശയങ്ങള്‍ ദൂരീകരിച്ച ശേഷമേ ശവദാഹം നടത്താവൂ. ഇന്ന് വൈകിട്ട് മൂന്നുമണിക്ക് തിരക്കിട്ട് ദഹിപ്പിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. മൃതദേഹം സംസ്‌കരിക്കണമെന്ന് നിര്‍ബന്ധമാണെങ്കില്‍ വീണ്ടും പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ സാഹചര്യമൊരുക്കുന്ന രീതിയില്‍ കുഴിച്ചിടുകയാണ് വേണ്ടതെന്നും കുമ്മനം പറഞ്ഞു.

അതിനിടെ, ലിഗയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയതാണെന്ന് പോലീസിന്റെ കണ്ടെത്തല്‍. പ്രതികളായ ഉമേഷിന്റെയും ഉദയന്റെയും അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തും. നിലവില്‍ ഇവര്‍ ഇരുവരും പോലീസ് കസ്റ്റഡിയിലാണ്. മാര്‍ച്ച് പതിന്നാലിനാണ് പോത്തന്‍കോട് ധര്‍മ ആയുര്‍വേദ റിസോട്ടില്‍നിന്ന് ലിഗയെ കാണാതായത്.

ഇതേദിവസം തന്നെ കോവളത്തെ ഗ്രോവ് ബീച്ചില്‍ ലിഗ എത്തി. ഓട്ടോറിക്ഷയിലാണ് ലിഗ ഇവിടെ വരെയെത്തിയത്. തുടര്‍ന്ന് പനത്തുറയിലെ ക്ഷേത്രപരിസരത്തേക്ക് പോവുകയും ചെയ്തു. ഇവിടെവച്ചാണ് ഉമേഷും ഉദയനും ലിഗയെ കാണുന്നത്. തുടര്‍ന്ന് കാഴ്ചകള്‍ കാണിച്ചു തരാമെന്നും കഞ്ചാവു നല്‍കാമെന്നും പറഞ്ഞ് ലിഗയെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.

ഫൈബര്‍ ബോട്ടിലാണ് ലിഗയെ വാഴമുട്ടത്തെ കണ്ടല്‍ക്കാട്ടിലെത്തിച്ചത്. തുടര്‍ന്ന് ഇവര്‍ ലഹരി ഉപയോഗിക്കുകയും ചെയ്തു. വൈകുന്നേരം അഞ്ചരയ്ക്കു ശേഷമാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഫോറന്‍സിക് ഫലവും രാസപരിശോധനാഫലവും ലഭിച്ചതിനു ശേഷമാണ് ലിഗയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിച്ചേര്‍ന്നിരിക്കുന്നത്.

കഴിഞ്ഞയാഴ്ചയാണ് ലിഗയുടെ ഒരുമാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. ലിഗയുടെ മൃതശരീരത്തില്‍നിന്ന് കണ്ടെത്തിയ ജാക്കറ്റ് ഉദയന്റേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ കണ്ടല്‍ക്കാട്ടില്‍നിന്നു കണ്ടെത്തിയ മുടിയിഴകള്‍ പ്രതികളുടേതാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.