രാജ്‌നാഥ് സിങ്ങിനൊപ്പം ‘കുമ്മനടി’ച്ച് യുവമോര്‍ച്ച അധ്യക്ഷന്‍: അതും സാക്ഷാല്‍ കുമ്മനത്തിന്റെ സാന്നിധ്യത്തില്‍: കള്ളത്തരം കണ്ടുപിടിച്ചതാകട്ടെ യുവമോര്‍ച്ചയുടെ തന്നെ നേതാക്കളും

single-img
3 May 2018

മെയ് ഒന്നിന് ബിജെപി സംസ്ഥാന ഭാരവാഹി യോഗം തിരുവനന്തപുരത്ത് ചേര്‍ന്നിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങും ഇതില്‍ പങ്കെടുത്തിരുന്നു. യോഗം കഴിഞ്ഞ ശേഷം നേതാക്കള്‍ ചേര്‍ന്ന് ഫോട്ടോ എടുത്തു. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ജെ.ആര്‍.പദ്മകുമാര്‍, പി.രഘുനാഥ്, എസ്.സുരേഷ് തുടങ്ങിയവരായിരുന്നു മുന്‍നിരയില്‍.

യുവമോര്‍ച്ച പ്രസിഡന്റ് കെ.പി.പ്രകാശ് ബാബു പുറകില്‍ വലത്തെ അറ്റത്താണ് നിന്നിരുന്നത്. ഈ ഫോട്ടോ സംസ്ഥാന വക്താവ് പി.രഘുനാഥ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റു ചെയ്തിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ പ്രകാശ് ബാബുവും ഇതേ ഫോട്ടോ പോസ്റ്റു ചെയ്തു.

പക്ഷേ ഈ ഫോട്ടോയില്‍ ഒറിജിനല്‍ ഫോട്ടോയിലുള്ള സംസ്ഥാന സെക്രട്ടറി സി.ശിവന്‍കുട്ടിയെ മായ്ച്ചു കളഞ്ഞ് അവിടെ ക്ലോസപ്പ് ചിരിയുമായി യുവമോര്‍ച്ച അധ്യക്ഷന്‍ നില്‍ക്കുന്നു. ചിത്രം കണ്ട സി.ശിവന്‍കുട്ടിയുള്‍പ്പെടെയുള്ള നേതാക്കള്‍ ഞെട്ടി.
ഫോട്ടോഷോപ്പ് ചെയ്ത ചിത്രത്തില്‍ പ്രകാശ് ബാബു നേരത്തെ ഉണ്ടായിരുന്ന പുറകുവശത്ത് ഒരു കറുപ്പ് നിറം മാത്രം.

കുടി വെള്ളത്തിന്റെ കുപ്പി ഉള്‍പ്പടെ മുന്നില്‍ ഉണ്ടായിരുന്നതിനാല്‍ ‘ഫോട്ടോഷോപ്പ്’ ഫോട്ടോയില്‍ കുറെ ഭാഗങ്ങള്‍ ക്രോപ് ചെയ്തിട്ടുണ്ട്. ദേശീയ നേതാവിനൊപ്പം നില്‍ക്കുന്ന പ്രകാശ് ബാബുവിന്റെ കള്ള ചിത്രങ്ങള്‍ കണ്ടുപിടിച്ചതും പ്രചരിപ്പിക്കുന്നതും യുവമോര്‍ച്ചയിലെ തന്നെ ചില നേതാക്കളാണ്.

കുമ്മനടിച്ചെന്ന വാക്ക് തന്നെ ഉപയോഗിച്ച് പാര്‍ട്ടി ഗ്രൂപ്പുകളില്‍ ഇത് പ്രചരിക്കുന്നുണ്ട്. പ്രകാശ് ബാബുവിന്റെ ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ ഫോട്ടോ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ഉള്ളതാണ്. യുവമോര്‍ച്ച അണികളില്‍ തന്നെ ചിലര്‍ ഇപ്പോള്‍ ചോദിക്കുന്നത് ‘ഇത് ഉള്ളതാണോ ? അതോ ഫോട്ടോഷോപ്പോണോ?’ എന്നാണ്.