വിവാഹ ദിനത്തില്‍ ബ്യൂട്ടീഷ്യന്റെ അടുത്തുപോയ വധു മരിച്ച സംഭവത്തില്‍ ദുരൂഹത; അന്വേഷണം ഫോണ്‍ വിളികള്‍ കേന്ദ്രീകരിച്ച്

single-img
3 May 2018

വൈപ്പിന്‍: വിവാഹ ദിനത്തില്‍ കാണാതായ വധു എളങ്കുന്നപ്പുഴ പെരുമാള്‍പടി ആശാരിപ്പറമ്പില്‍ മാനം കണ്ണേഴത്ത് കൃഷ്ണപ്രിയയെ (21) കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി.

മരണം ആത്മഹത്യയാണെന്ന് പോലീസിനു ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ഇതിന് പിന്നില്‍ ആരുടെയെങ്കിലും പ്രേരണയുണ്ടോ മറ്റെന്തെങ്കിലും കാരണങ്ങള്‍ ഉണ്ടോയെന്നാണ് പ്രധാനമായും അന്വേഷിക്കുന്നതെന്ന് ഞാറക്കല്‍ എസ്‌ഐ ആര്‍. രഗീഷ്‌കുമാര്‍ അറിയിച്ചു.

മരണം സംബന്ധിച്ച് ബന്ധുക്കള്‍ സംശയമുണര്‍ത്തിയതിനെ തുടര്‍ന്നാണ് പോലീസ് വിശദമായ അന്വേഷണത്തിന് തുടക്കം കുറിച്ചത്. വിവാഹ ദിവസമായ ഞായറാഴ്ച രാവിലെ ഒരുക്കത്തിനായി ബ്യൂട്ടീഷ്യന്റെ അടുക്കലെത്തിച്ച വധുവിനെയാണ് തിങ്കളാഴ്ച വൈകുന്നേരത്തോടെ മുളവുകാട് സഹകരണ റോഡ് കടവില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കാളികുളങ്ങരയിലെ യുവാവുമായി കഴിഞ്ഞ 29 നായിരുന്നു കൃഷ്ണപ്രിയയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. അന്നു രാവിലെ 6.45 ന് വീടിനു സമീപത്തെ ബ്യൂട്ടിപാര്‍ലറില്‍ യുവതിയെ ബന്ധുവാണു കൊണ്ടുവിട്ടത്. അല്‍പം താമസമുണ്ടെന്നു ബ്യൂട്ടീഷ്യന്‍ അറിയിച്ചപ്പോള്‍ സമീപത്തെ കുടുംബക്ഷേത്രത്തില്‍ പോയിവരാമെന്നു പറഞ്ഞുപോയ യുവതി പിന്നീട് മടങ്ങിയെത്തിയില്ല.

അരമണിക്കൂര്‍ കഴിഞ്ഞിട്ടും വരാത്തതിനാല്‍ ബ്യൂട്ടീഷ്യന്‍ വിവരം വീട്ടിലറിയിച്ചു. വ്യാപകമായ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് ഞാറയ്ക്കല്‍ പോലീസില്‍ പരാതി നല്‍കി. രണ്ടാംദിവസമാണു മൃതദേഹം കണ്ടെത്തിയത്. വധുവിനെ കാണാതയതോടെ വരന്റെ വീട്ടുകാര്‍ ബഹളം വയ്ക്കുകയും തുടര്‍ന്നു നാലു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാം എന്നു വധുവിന്റെ ബന്ധുക്കള്‍ പറഞ്ഞു പ്രശ്‌നം ഒത്തുതീര്‍പ്പാക്കുകയുമായിരുന്നു.