കോവളത്തെ വിദേശ വനിതയുടെ കൊലപാതകം: ദൃക്‌സാക്ഷികളോ, വിരലടയാളമുള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകളോ ഇല്ലാഞ്ഞിട്ടും കേരളാ പോലീസ് പ്രതികളെ കുടുക്കിയത് അതിവിദഗ്ദ്ധമായ തന്ത്രങ്ങളൊരുക്കി

single-img
3 May 2018

ലിത്വാനിയന്‍ സ്വദേശിനിയായ വനിത തലസ്ഥാനത്ത് മരിച്ച സംഭവത്തില്‍ പ്രതികളെ വളരെ വേഗം പിടികൂടിയ അന്വേഷണ സംഘത്തെ അഭിനന്ദിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. തിരുവനന്തപുരത്ത് അന്വേഷണ സംഘത്തോടൊപ്പം വാര്‍ത്താ സമ്മേളനം നടത്തിയപ്പോഴാണ് ഡിജിപി ഉദ്യോഗസ്ഥരെ പ്രശംസിച്ചത്.

ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം കുറ്റവാളികളെ കണ്ടെത്തേണ്ട കേസായിരുന്നു ഇത്. മൃതദേഹം അഴുകിയിരുന്നതിനാല്‍ തെളിവുകള്‍ ലഭിക്കുക ബുദ്ധിമുട്ടായിരുന്നു. ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ വളരെ മികച്ച രീതിയിലാണ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചത്.

ഇത്തരം സംഭവങ്ങള്‍ നമ്മുടെ നാടിനെ ലോകത്തിന് മുന്നില്‍ മോശമായി ചിത്രീകരിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുമെന്നും അതിനാല്‍ കുറ്റവാളികളെ കണ്ടെത്തേണ്ടത് അനിവാര്യമായിരുന്നുവെന്നും ഡിജിപി വ്യക്തമാക്കി. പ്രതികള്‍ക്കെതിരേ കൊലക്കുറ്റത്തിന് പുറമേ ബലാത്സംഗക്കുറ്റവും പോലീസ് ചുമത്തിയിട്ടുണ്ട്. അന്വേഷണത്തില്‍ ഇരിക്കുന്ന കേസായതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നില്ലെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു.

പീഡനശ്രമത്തിനിടെയാണ് വിദേശ വനിതയെ കൊലപ്പെടുത്തിയതെന്ന് പ്രതികളായ വാഴമുട്ടം പാച്ചല്ലൂര്‍ പനത്തറ സ്വദേശി ബി. ഉമേഷും സുഹൃത്ത് ഉദയകുമാറും കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു. പീഡനശ്രമം ചെറുത്ത വിദേശ വനിതയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ഇരുവരേയും ചോദ്യം ചെയ്തതില്‍ നിന്ന് പൊലീസ് എത്തിയിരിക്കുന്ന അനുമാനം.

കഞ്ചാവും മയക്കുമരുന്നു കച്ചവടവുമായി കോവളം ബീച്ചില്‍ കറങ്ങി നടക്കുന്ന പുരുഷ ലൈംഗിക തൊഴിലാളിയാണ് ഉമേഷ്. അനധികൃത ടൂറിസം ഗൈഡായി കോവളത്ത് ചുറ്റിത്തിരിയുന്ന ആളാണ് ഉദയന്‍. ഇയാള്‍ക്ക് ഇംഗ്ലീഷ് നന്നായി വശമുള്ളതിനാല്‍ വിദേശികളെ വശീകരിക്കാന്‍ കഴിയും.

വിദേശ വനിതയെ പരിചയപ്പെട്ടതും ഇത്തരത്തിലാണ്. ലിഗയെ കോവളം ബീച്ചില്‍ കണ്ടുമുട്ടിയശേഷം ഇരുവരും ചേര്‍ന്ന് മണിക്കൂറുകള്‍ക്കകം ബോട്ടിംഗിനെന്ന പേരില്‍ പൂനംതുരുത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ലിഗയുമായി പരിചയപ്പെടുന്ന സമയത്തും ഇരുവരും ലഹരി ഉപയോഗിച്ചിരുന്നു.

വിദേശ വനിതയെ കണ്ടല്‍കാട്ടിലെത്തിച്ച ശേഷം സൗഹൃദത്തോടെ പെരുമാറി. അതോടെ ലിഗ ഇവര്‍ക്കൊപ്പം സിഗററ്റ് വലിക്കുകയും അടുത്ത് ഇടപെടുകയും ചെയ്തു. പിന്നീട് മയക്കുമരുന്നു നല്‍കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചു. രാത്രിയായപ്പോള്‍ വീണ്ടും ബലപ്രയോഗം നടത്തി. ഇതോടെ വിദേശ വനിത ബഹളം വെക്കാന്‍ ശ്രമിച്ചപ്പോള്‍ കഴുത്തു ഞെരിച്ചുവെന്നാണ് പ്രതികള്‍ പറയുന്നത്.

മൃതദേഹത്തിനരികെ കണ്ടെത്തിയ കോട്ട് ഉദയന്റേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാള്‍ക്ക് ഒരു വിദേശി സമ്മാനിച്ചതായിരുന്നു ഈ കോട്ട്. നേരത്തെ ഈ കോട്ടിനെ ചൊല്ലി സംശയം ഉണ്ടായിരുന്നു. വിദേശ വനിത ബീച്ചില്‍ നിന്ന് 200 രൂപ കൊടുത്ത് വാങ്ങിയ ചൈനീസ് കോട്ട് എന്നായിരുന്നു തുടക്കത്തില്‍ പൊലീസ് നിഗമനം.

പിന്നീടാണ് കോട്ട് ആരുടേതാണെന്ന് തിരിച്ചറിഞ്ഞത്. ശ്വാസംമുട്ടിച്ചുകൊന്ന വിദേശ വനിതയെ കെട്ടിതൂക്കാനുള്ള ശ്രമങ്ങളുണ്ടായതായി സംശയിച്ചെങ്കിലും അത്തരം തെളിവുകളൊന്നും ഇതുവരെ പൊലീസിന് ലഭിച്ചില്ല. കൊലപ്പെടുത്തിയശേഷം മൃതദേഹം കണ്ടല്‍കാട്ടില്‍ ഉപേക്ഷിച്ച് പോയ പ്രതികള്‍ പിന്നീട് പലപ്പോഴും ഇവിടെ രഹസ്യമായി നിരീക്ഷണം നടത്തിയിരുന്നു.

മദ്യപിക്കാനും ചൂണ്ടയിടാനും മറ്റും ഇവര്‍ ഇടയ്ക്കിടെ ഇവിടെ വന്നുപോകാറുണ്ടായിരുന്നതിനാല്‍ ആദ്യം ആര്‍ക്കും മറ്റ് സംശയങ്ങളുമുണ്ടായില്ല. കണ്ടല്‍കാട്ടിലൂടെ ചൂണ്ടയിടാന്‍ പോയ ചില യുവാക്കള്‍ മൃതദേഹം കാണുകയും പൊലീസ് അന്വേഷിച്ചെത്തുകയും ചെയ്തതോടെ ഉമേഷ് പനത്തുറയില്‍ നിന്ന് മുങ്ങി.

പനത്തുറ കേന്ദ്രീകരിച്ച് അന്വേഷണം മുറുകുന്നതിനിടെ ഇയാളുടെ പെട്ടെന്നുണ്ടായ തിരോധാനം പൊലീസിന്റെ നോട്ടപ്പുളളിയാക്കി. സംശയിക്കുന്നവരുടെ പട്ടികയിലുള്‍പ്പെടുത്തിയ ഇയാളുടെ മൊബൈല്‍ ഫോണും ബാങ്ക് അക്കൗണ്ട് വിവരങ്ങളും നിരീക്ഷിച്ച പൊലീസ് കോട്ടയത്തേക്ക് കടന്ന ഇയാളെ ദിവസങ്ങള്‍ക്കകം പിടികൂടി. ചോദ്യം ചെയ്യലില്‍ പരസ്പര വിരുദ്ധമായി സംസാരിച്ചതോടെ സംശയം ബലപ്പെട്ടു.

വിദേശ വനിതയെ അറിയില്ലെന്നും കണ്ടിട്ടില്ലെന്നും ആദ്യം പറഞ്ഞ ഇയാള്‍ പിന്നീട് കണ്ടല്‍കാട്ടില്‍ വച്ച് കണ്ടതായി മൊഴി മാറ്റി. വിശദമായ ചോദ്യം ചെയ്യലില്‍ മറുപടികള്‍ പരസ്പര വിരുദ്ധമായതും ഉമേഷിന്റെ മൊഴികളില്‍ പലതും വസ്തുതകളുമായി യോജിക്കാത്തതും പൊലീസിന്റെ സംശയം ഇയാളിലേക്ക് നീളാന്‍ ഇടയായി.

ദൃക്‌സാക്ഷികളോ, വിരലടയാളമുള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകളോ അവശേഷിക്കാതിരുന്ന കേസില്‍ ശാസ്ത്രീയമായ ചോദ്യം ചെയ്യലിനിടെ ഉദയകുമാറാണ് കഴിഞ്ഞദിവസം പൊലീസിനോട് കുറ്റം സമ്മതിച്ചത്. തുടര്‍ന്ന് നില്‍ക്കക്കള്ളിയില്ലാതായ ഉമേഷും കുറ്റമേറ്രു.

കൊല്ലപ്പെട്ട് ഒരുമാസത്തിനുശേഷമാണ് വിദേശ വനിതയുടെ മൃതദേഹം കണ്ടെത്തിയത്. ഇത് പ്രാഥമികമായ തെളിവുകള്‍ പലതും നശിക്കാനിടയാക്കി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് വിദേശ വനിത ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് കണ്ടെത്തിയത്. എന്നാല്‍ ഇത് ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല.

വിദേശ വനിതയുടെ സഹോദരി ഇലിസ മരണം കൊലപാതകമാണെന്ന ആരോപണവുമായി രംഗത്തെത്തുകയും സംസ്ഥാന പൊലീസ് മേധാവിയുള്‍പ്പെടെയുള്ളവരെ നേരില്‍കണ്ട് പരാതി ബോധിപ്പിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഡി.ജി.പിയുടെ മേല്‍നോട്ടത്തില്‍ ഐ.ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘം കേസ് ഏറ്റെടുത്തത്. പത്തുദിവസത്തിലധികം നീണ്ട അന്വേഷണത്തിനും ശാസ്ത്രീയ തെളിവുശേഖരണത്തിനും ഒടുവിലാണ് കൊലപാതകമാണെന്ന് വ്യക്തമായത്.