വന്നുവന്ന് സര്‍ക്കാര്‍ പരിപാടിയില്‍ നിന്ന് പോലും ഒഴിവാക്കി തുടങ്ങി: ‘കട്ടക്കലിപ്പില്‍’ ഇ.പി.ജയരാജന്‍: സ്ഥലം എംഎല്‍എ ആയിട്ടുകൂടി മന്ത്രി പങ്കെടുത്ത പരിപാടിയില്‍ നിന്ന് ജയരാജനെ ഒഴിവാക്കി

single-img
3 May 2018

ഏപ്രില്‍ 29നാണു മന്ത്രി ശൈലജയുടെ നേതൃത്വത്തിലുള്ള സംഘം മട്ടന്നൂര്‍ മണ്ഡലത്തിലെ ഊരത്തൂരില്‍ ആരംഭിക്കുന്ന രാജ്യാന്തര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ എത്തിയത്. കലക്ടര്‍ മിര്‍ മുഹമ്മദലി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് എന്നിവര്‍ക്കു പുറമെ ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

മട്ടന്നൂര്‍ മണ്ഡലത്തിലെ ഊരത്തൂരില്‍ 300 ഏക്കര്‍ ഭൂമിയിലാണ് 300 കോടി രൂപ മുതല്‍മുടക്കില്‍ രാജ്യാന്തര ആയുര്‍വേദ ഗവേഷണകേന്ദ്രം സ്ഥാപിക്കുന്നത്. എന്നാല്‍ സ്ഥലം എംഎല്‍എ ആയിട്ടുകൂടി ഇ.പി.ജയരാജനെ ഈ സംഘത്തില്‍ നിന്ന് ഒഴിവാക്കി. സിപിഎം പ്രാദേശികനേതൃത്വം ഇതു സംബന്ധിച്ചു ജില്ലാ നേതൃത്വത്തിനു പരാതി നല്‍കി.

കഴിഞ്ഞ ദിവസം നടന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിലും സംഭവം ചര്‍ച്ചയായി. സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ടു മന്ത്രി നടത്തിയ ഔദ്യോഗിക സന്ദര്‍ശനം സ്ഥലം എംഎല്‍എയെ അറിയിക്കാത്തതു അവകാശലംഘനമാണെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

പ്രതിപക്ഷ എംഎല്‍എ ആണെങ്കില്‍ അവകാശ ലംഘനത്തിനു നോട്ടീസ് നല്‍കാവുന്ന വിഷയമാണിതെന്നും ഇവര്‍ പറയുന്നു. കഴിഞ്ഞ നിയമസഭാ സീറ്റുനിര്‍ണയകാലത്ത് ഉടലെടുത്ത കണ്ണൂര്‍ പാര്‍ട്ടിയിലെ വിഭാഗീയതയാണു ജയരാജനെ ഒഴിവാക്കിയതിനു പിന്നിലെന്ന് ആരോപണമുണ്ട്.