ബിജെപി പരാതി നല്‍കി; കോവളത്ത് കൊല്ലപ്പെട്ട വിദേശ വനിതയുടെ മൃതദേഹം ദഹിപ്പിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍

single-img
3 May 2018

തിരുവനന്തപുരം: കോവളത്ത് കൊല്ലപ്പെട്ട വിദേശ വനിതയുടെ മൃതദേഹം ദഹിപ്പിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. മൃതദേഹം ക്രിസ്ത്യന്‍ ആചാരപ്രകാരം സംസ്‌കരിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്. ബിജെപിയുടെ പരാതിയെ തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലുണ്ടായത്.

എന്നാല്‍ കമ്മീഷന്റെ ഉത്തരവ് സര്‍ക്കാരിന് ലഭിക്കാത്തതിനെ തുടര്‍ന്ന് മൃതദേഹം ദഹിപ്പിക്കുകയായിരുന്നു. മരിച്ച വിദേശ വനിതയുടെ ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്.

ലാത്വിയ സ്വദേശിനി കൊല്ലപ്പെട്ടതാണെന്ന് മൃതദേഹ പരിശോധനയില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ കേസ് അന്വേഷണം മുന്നോട്ടുപോകുന്നതിന് മൃതദേഹം സൂക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന് ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ് സുരേഷ് മനുഷ്യാവകാശ കമ്മീഷന് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അന്വേഷണം മുന്നോട്ടു കൊണ്ടുപോകുന്നതിന് കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ആവശ്യമായി വരുമെന്നും ചിലപ്പോള്‍ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യേണ്ടി വരുമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പോലീസ് പിടികൂടിയത് യഥാര്‍ഥ പ്രതികളെയല്ല എന്ന ആരോപണംപോലും ഉയര്‍ന്ന സാഹചര്യത്തില്‍ മൃതദേഹം ദഹിപ്പിക്കാന്‍ സര്‍ക്കാര്‍ കാട്ടുന്ന തിടുക്കം സംശയാസ്പദമാണെന്നും പരാതിയില്‍ പറയുന്നു.

കോവളത്തെ വിദേശ വനിതയുടെ കൊലപാതകം: ദൃക്‌സാക്ഷികളോ, വിരലടയാളമുള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകളോ ഇല്ലാഞ്ഞിട്ടും കേരളാ പോലീസ് പ്രതികളെ കുടുക്കിയത് അതിവിദഗ്ദ്ധമായ തന്ത്രങ്ങളൊരുക്കി