പ്രതിഷേധക്കാരെ ഒഴിവാക്കി ദേശീയ അവാര്‍ഡുകള്‍ വിതരണം ചെയ്തു; അമേരിക്കന്‍ അക്കാദമി പുരസ്‌കാരത്തോളം മൂല്യമുള്ള പാരമ്പര്യത്തെ ഇല്ലാതാക്കി മോദിസര്‍ക്കാര്‍

single-img
3 May 2018

ന്യൂഡല്‍ഹി: പ്രതിഷേധങ്ങള്‍ക്കും ബഹിഷ്‌കരണങ്ങള്‍ക്കുമിടെ അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണം ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടന്നു. പ്രതിഷേധിച്ച കേരളത്തില്‍ നിന്നടക്കമുള്ള എണ്‍പതോളം അവാര്‍ഡ് ജേതാക്കളെ ഒഴിവാക്കിയാണ് അവാര്‍ഡ് ദാന ചടങ്ങ് നടന്നത്.

കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി സ്മൃതി ഇറാനിയാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്. ചലച്ചിത്ര അവാര്‍ഡ് ജേതാക്കളില്‍ 11 പേര്‍ക്ക് മാത്രം രാഷ്ട്രപതിയും ബാക്കിയുള്ളവര്‍ക്കു വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രിയും അവാര്‍ഡ് സമ്മാനിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ കടുത്ത പ്രതിഷേധവുമായി അവാര്‍ഡ് ജേതാക്കള്‍ നേരത്തെ രംഗത്ത് വന്നിരുന്നു.

കേരളത്തില്‍ നിന്ന് മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയ ജയരാജ്, ഗായകനുള്ള പുരസ്‌കാരം നേടിയ കെ.ജെയേശുദാസ്, മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരം നേടിയ നിഖില്‍ എസ്.പ്രവീണ്‍ എന്നിവര്‍ മാത്രമാണ് അവാര്‍ഡ് ചടങ്ങില്‍ പങ്കെടുത്തത്.

അതേസമയം, പുരസ്‌കാര സമര്‍പ്പണവുമായി ബന്ധപ്പെട്ട് ഉടലെടുത്തിട്ടുള്ള വിവാദങ്ങളില്‍ രാഷ്ട്രപതി ഭവന്‍ അദ്ഭുതം രേഖപ്പെടുത്തി. ഇപ്പോഴത്തെ രാഷ്ട്രപതി സ്ഥാനമേറ്റശേഷം പുരസ്‌കാര സമര്‍പ്പണചടങ്ങളുകളില്‍ ഒരു മണിക്കൂറിലധികം പങ്കെടുക്കാറില്ല. ഇക്കാര്യം വാര്‍ത്താവിതരണ മന്ത്രാലയത്തെ നേരത്തെ അറിയിച്ചിരുന്നതാണ്. 11–ാം മണിക്കൂറില്‍ ഇതുമായി ബന്ധപ്പെട്ട് വിവാദം പൊട്ടിപ്പുറപ്പെട്ടതിന്റെ കാരണം മനസ്സിലാകുന്നില്ലെന്നും രാഷ്ട്രപതി ഭവന്‍ വ്യക്തമാക്കി.