വിശ്വാസ്യത തകര്‍ന്നപ്പോള്‍ കേംബ്രിഡ്ജ് അനലിറ്റിക്ക അടച്ചുപൂട്ടി

single-img
3 May 2018

ഫേസ്ബുക്കില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയതിന് വിവാദത്തിലായ കമ്പനി, കേംബ്രിഡ്ജ് അനലിറ്റിക്ക പ്രവര്‍ത്തനം അവസാനിപ്പിച്ചു. നിലവിലെ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മുന്നോട്ടുപോകാനാകില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് കമ്പനി അടച്ചുപൂട്ടുന്നതെന്ന് കേംബ്രിഡ്ജ് അനലിറ്റിക്ക വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു. ട്രംപിന്റെ വിജയത്തില്‍ സഹായിച്ചുവെന്ന് ആരോപണം നേരിടുന്ന കേംബ്രിഡ്ജ് അനലിറ്റിക ഇന്ത്യയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധപ്പെട്ടിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

എട്ട് കോടി എഴുപത് ലക്ഷത്തിലധികം പേരുടെ സ്വകാര്യ വിവരങ്ങള്‍ ഫേസ്ബുക്കില്‍ നിന്നും കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തിയ സംഭവത്തില്‍ വിവിധ രാജ്യങ്ങളില്‍ അന്വേഷണം നടക്കുകയാണ്. കമ്പനി പൂട്ടുന്നത് അന്വേഷണത്തെ ബാധിക്കില്ലെന്ന് ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗവും ഫേസ്ബുക്കും അറിയിച്ചു.