മോദി സര്‍ക്കാരെ… എന്തിനീ പ്രഹസനം, ആരെ കാണിക്കാന്‍?; മോദിയുടെ സ്വപ്‌ന പദ്ധതിയുടെ ഭാഗമായി ദളിതന്റെ വീട്ടില്‍ എത്തിയ മന്ത്രി കഴിച്ചത് പുറത്ത് നിന്ന് ഓര്‍ഡര്‍ ചെയ്ത ഫൈവ് സ്റ്റാര്‍ ഭക്ഷണം

single-img
2 May 2018

രാജ്യത്ത് മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ദളിത് വിരുദ്ധ വികാരം വര്‍ധിച്ചുവെന്ന ആക്ഷേപം പരിഹരിക്കാനാണ് പാര്‍ട്ടി കേന്ദ്ര നേതൃത്വം ദളിതരുടെ വീട്ടിലൊരുനേരം ഭക്ഷണം എന്ന പരിപാടി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ജനപ്രതിനിധികള്‍ക്കും വേണ്ടി തയ്യാറാക്കിയത്.

എന്നാല്‍ ഇതൊരു ‘തട്ടിപ്പ്’ മാത്രമാണെന്നാണ് പുതുതായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ദളിതന്റെ വീട്ടില്‍ ഭക്ഷണത്തിന് ചെന്ന ഉത്തര്‍പ്രദേശ് കാബിനറ്റ് മന്ത്രി സുരേഷ് റാണ പുറത്ത് നിന്ന് ഓര്‍ഡര്‍ ചെയ്ത ഫൈവ് സ്റ്റാര്‍ ഭക്ഷണം കഴിച്ചതോടെയാണ് ഇതൊരു പ്രഹസനം മാത്രമാണെന്ന് വ്യക്തമായത്.

മന്ത്രിയും പരിവാരങ്ങളും അലിഗറിലുള്ള ലോഹാഗദ് ഗ്രാമത്തിലെ താഴ്ന്ന ജാതിക്കാരാനായ രജനീഷ് കുമാറിന്റെ വീട്ടിലാണ് തിങ്കളാഴ്ച 11 മണിക്ക് അപ്രതീക്ഷിതമായി എത്തിയത്. എന്നാല്‍ മന്ത്രിയേയും പരിവാരങ്ങളേയും കണ്ട് രജനീഷ് കുമാര്‍ ഞെട്ടി. അയാള്‍ക്ക് ചിന്തിക്കാനാവുന്നതിലും ഏറെയായിരുന്നു അത്.

പിറകേ തന്നെ ഡസന്‍ കണക്കിന് വിഭവങ്ങള്‍ ഉള്‍പ്പെടുത്തി സ്റ്റാര്‍ ഭക്ഷണവുമെത്തി. കൈകഴുകി ഇരിക്കാന്‍ പറഞ്ഞപ്പോഴാണ് രജനീഷ് കുമാര്‍ ശരിക്കും ഞെട്ടിപ്പോയത്. താന്‍ കാണാത്ത മുന്തിയ വിഭവങ്ങളുടെ നീണ്ട നിര. ദാല്‍ മഖ്‌നി, മട്ടര്‍ പനീര്‍, പുലാവ്, തന്തൂരി റൊട്ടി, ഗുലാബ് ജാം തുടങ്ങിയ വിഭവങ്ങളാണ് മന്ത്രിയും പരിവാരങ്ങളും ദളിത് സ്‌നേഹം പ്രകടിപ്പിക്കാന്‍ വാങ്ങിക്കൊണ്ടുവന്ന് കഴിച്ചത്.

സംഭവം വിവിദമായതോടെ ആരോപണം മന്ത്രി റാണ നിഷേധിച്ചു. 100 പേര്‍ തന്നോടൊപ്പമുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് ഭക്ഷണം പുറത്ത് നിന്ന് വരുത്തിയതെന്നും മന്ത്രി പറഞ്ഞു. തന്റെ സന്ദര്‍ശന വിവരം വീട്ടുകാരെ അറിയിച്ചതാണെന്നും റാണ വ്യക്തമാക്കി.

എന്നാല്‍ ഒന്നും താനറിഞ്ഞില്ലെന്നാണ് വീട്ടുകാരന്‍ പറയുന്നത്. മന്ത്രി എത്തുന്ന കാര്യം താന്‍ അറിഞ്ഞിരുന്നില്ലെന്ന് വീട്ടുടമ രജ്‌നീഷ് കുമാര്‍ സിംഗ് പറഞ്ഞു. എന്നാല്‍ എല്ലാം മുന്‍കൂട്ടി തയ്യാറാക്കിയാണ് അവര്‍ എത്തിയത്. വീടിനുള്ളില്‍ ഇരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. പുറത്തുനിന്ന് കൊണ്ടുവന്ന ഭക്ഷണവും മിനറല്‍ ജലവും അവര്‍ കഴിച്ചു. ഫോട്ടോ എടുക്കുന്നതിന് വേണ്ടിയുള്ള വെറും പ്രഹസനം മാത്രമായിരുന്നുവെന്നും രജ്‌നീഷ് കുമാര്‍ പറഞ്ഞു.