ശ്രീജിത്തിന്റെ ഭാര്യയ്ക്ക് ജോലിയും 10 ലക്ഷം രൂപ ധനസഹായവും നല്‍കാന്‍ മന്ത്രിസഭാ തീരുമാനം

single-img
2 May 2018

തിരുവനന്തപുരം: വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം നല്‍കും. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. ശ്രീജിത്തിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്‍കാനും തീരുമാനമായി.

ഏത് തരത്തിലുള്ള ജോലിയാണെന്നത് വിദ്യാഭ്യാസ യോഗ്യത പരിശോധിച്ച ശേഷം തീരുമാനിക്കും. സര്‍ക്കാര്‍ ജോലിയും ധനസഹായവും തങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതാണെന്ന് ശ്രീജിത്തിന്റെ ഭാര്യ അഖില പ്രതികരിച്ചു. കഴിഞ്ഞദിവസം ശ്രീജിത്തിന്റെ വീട്ടിലെത്തിയ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കുടുംബത്തിന് നഷ്ടപരിഹാരവും ഭാര്യക്ക് ജോലിയും നല്‍കണമെന്ന് പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് മന്ത്രിസഭ യോഗത്തില്‍ നിര്‍ണായക തീരുമാനം സര്‍ക്കാര്‍ എടുത്തത്. അതേസമയം, ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത വരാപ്പുഴ സി.െഎ ക്രിസ്പിന്‍ സാമിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ക്രിസ്പിന്‍ സാമിനെതിരെ പൊലീസ് കൊലപാതകകുറ്റം ചുമത്തിയിട്ടില്ല.