പ്രസംഗം കേട്ട് അണികള്‍ പോലും പൊട്ടിച്ചിരിച്ചു: കര്‍ണാടകയില്‍ അമിത് ഷാ വീണ്ടും നാണംകെട്ടു; ഇത്തവണ ‘പണികൊടുത്തത്’ പരിഭാഷകന്‍

single-img
2 May 2018

കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്ന ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ വീണ്ടും നാണംകെട്ടു. ശ്രിംഖേരിയിലും ചിക്കമംഗലൂരുവിലും നടന്ന പരിപാടിയാണ് ആകെ ‘ചളമായത്’. ചിക്കമംഗലൂരുവിലെ പ്രസംഗത്തില്‍ സൗണ്ട് സിസ്റ്റമാണ് ആദ്യം ‘പണികൊടുത്തത്’.

ഇതോടെ പരിഭാഷകന്‍ പറയുന്നതൊന്നും ആദ്യത്തെ പത്ത് മിനുട്ടോളം ആളുകള്‍ക്ക് കേള്‍ക്കാനേ സാധിച്ചിരുന്നില്ല. ഇതോടെ അമിത് ഷാ പരസ്യമായി തന്നെ രോഷം പ്രകടിപ്പിക്കുകയും ചെയ്തു. ഒരുവിധത്തില്‍ ഇത് ശരിയാക്കി എടുത്തപ്പോള്‍ പരിഭാഷകന്റെ മൈക്രോഫോണ്‍ തകരാറിലായി.

ഇതെല്ലാം സഹിച്ച് നില്‍ക്കുമ്പോഴാണ് നരേന്ദ്രമോദി ബി.ജെ.പി പ്രധാനമന്ത്രിയാണെന്ന് ഒരുവേള പരിഭാഷകന്‍ പറഞ്ഞത്. ഇത് കേട്ട് അമിത്ഷായും ഞെട്ടി. ഇതിനു ശേഷം ശ്രിംഗേരിയില്‍ നടന്ന പരിപാടിയിലും അമിത് ഷായ്ക്ക് പരിഭാഷകന്‍ ‘പണികൊടുത്തു’. പ്രസംഗത്തിനിടെ വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട് മോദി ഒരു പവര്‍ പ്രൊഡക്ഷന്‍ ഹൗസാണെന്നും എന്നാല്‍ സിദ്ധരാമയ്യ ചെറിയ ഒരു ട്രാന്‍സ്‌ഫോമര്‍ മാത്രമാണെന്നുമായിരുന്നു അമിത് ഷാ പറഞ്ഞത്.

ഒന്ന് കത്തിപ്പോയാല്‍ വൈദ്യുതി വിതരണം ട്രാന്‍സ്‌ഫോമറിനെ കൊണ്ട് സാധ്യമാകില്ലെന്നും അമിത് ഷാ പറഞ്ഞു. എന്നാല്‍ മോദി ട്രാന്‍സ്‌ഫോമറാണെന്നും സിദ്ധരാമയ്യ പവര്‍ പ്രൊഡക്ഷന്‍ ഹൗസ് ആണെന്നുമായിരുന്നു പരിഭാഷകന്റെ പ്രസംഗം. ഇതോടെ രോഷം അതിരുവിട്ട അമിത് ഷാ തെറ്റാണ് താങ്കള്‍ പറഞ്ഞതെന്നും അത് തിരുത്തിപ്പറയണമെന്നും ആവശ്യപ്പെട്ടു.

ഇതു തിരുത്തി കഴിഞ്ഞപ്പോള്‍ അടുത്ത അബദ്ധം. ‘സുഹൃത്തുക്കളേ ഇവിടുത്തെ കാപ്പിത്തോട്ടങ്ങള്‍ ഉണങ്ങിവരണ്ടുപോകുമ്പോഴും സിദ്ധരാമയ്യ സര്‍ക്കാര്‍ ഉറങ്ങുകയാണ്’ എന്ന അമിത് ഷായുടെ വാചകത്തെ സിദ്ധാരമയ്യ സര്‍ക്കാര്‍ വരണ്ടുണങ്ങിക്കൊണ്ടിരിക്കുകയാണെന്നായിരുന്നു പരിഭാഷകന്‍ പറഞ്ഞത്.

ഇതും അമിത് ഷാ തിരുത്തി. ഇങ്ങനെ തെറ്റുകള്‍ പറഞ്ഞ് ആളുകളെ ആശയക്കുഴപ്പത്തിലാക്കരുതെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഇവിടേയും അമിത് ഷാ ഇടപെട്ടത്. ഇതെല്ലാം കേട്ട് സദസ്സില്‍ നിന്നും ആളുകള്‍ ചിരിയമര്‍ത്താന്‍ പാടുപെടുന്നുണ്ടായിരുന്നു.

നേരത്തെ രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാര്‍ യെദ്യൂരപ്പയുടേതാണെന്ന് പറഞ്ഞ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ നാക്കുപിഴ മാധ്യമങ്ങള്‍ ഏറെ ആഘോഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ അബദ്ധങ്ങള്‍