ജനങ്ങള്‍ ഇത്തരത്തില്‍ കൊല്ലപ്പെടുകയാണെങ്കില്‍ വിധി പറയുന്നത് നിര്‍ത്തേണ്ടിവരുമെന്ന് സുപ്രീംകോടതി

single-img
2 May 2018

ഹിമാചല്‍ പ്രദേശിലെ കസൗലിയില്‍ അനധികൃതമായി നിര്‍മിച്ച സ്വകാര്യ ഹോട്ടല്‍ കെട്ടിടം പൊളിക്കുന്നതിനിടെ അസിസ്റ്റന്റ് ടൗണ്‍ പ്‌ളാനിംഗ് ഓഫീസറെ വെടിവച്ചു കൊന്ന സംഭവത്തില്‍ വിമര്‍ശനവുമായി സുപ്രീം കോടതി രംഗത്ത്. ഉദ്യോഗസ്ഥയെ വെടിവച്ചു കൊന്ന സംഭവം അതീവ ഗുരുതരമാണെന്ന് കോടതി പറഞ്ഞു.

സംഭവത്തില്‍ രോഷം പ്രകടിപ്പിച്ച കോടതി, ജനങ്ങളെ കൊല്ലാനാണ് പദ്ധതിയെങ്കില്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നത് നിറുത്താമെന്ന് കോടതി പറഞ്ഞു. നിരവധി പേര്‍ കോടതി ഉത്തരവുകള്‍ ലംഘിക്കുന്നുണ്ട്. പൊലീസ് എന്തുകൊണ്ടാണ് നടപടിയെടുക്കാത്തത്?.

ഉദ്യോഗസ്ഥയോടൊപ്പം 160 പൊലീസുകാര്‍ ഉണ്ടായിരുന്നു. അക്രമം നടക്കുമ്പോള്‍ പൊലീസുകാര്‍ എന്തു ചെയ്യുകയായിരുന്നെന്നും സുപ്രീം കോടതി ചോദിച്ചു. കേസ് വ്യാഴാഴ്ച പരിഗണിക്കാനായി കോടതി മാറ്റി.

ഹിമാചല്‍ പ്രദേശിലെ കസൗലിയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. കോടതി ഉത്തരവിനെ തുടര്‍ന്ന് അനധികൃതമായി പ്രവര്‍ത്തിക്കുന്ന കെട്ടിടം പൊളിച്ച് നീക്കാനെത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥയ്ക്ക് നേരെ കെട്ടിട ഉടമ വെടിയുതിര്‍ക്കുകയായിരുന്നു.

അസിസ്റ്റന്റ് ടൗണ്‍ പ്ലാനര്‍ ശൈല്‍ ബാലയാണ് നാരായണി ഗസ്റ്റ് ഹൗസ് ഉടമ വിജയ് താക്കൂറിന്റെ വെടിയേറ്റ് മരിച്ചത്. മൂന്ന് ബുള്ളറ്റുകളാണ് ബാലയുടെ ശരീരത്തില്‍നിന്നും കണ്ടെത്തിയത്. കസൗലിയിലെ അനധികൃത കെട്ടിടം പൊളിച്ചു മാറ്റണമെന്ന ദേശീയ ഹരിത ട്രിബ്യൂണല്‍ വിധി കോടതി ശരിവെയ്ക്കുകയായിരുന്നു.

ഷിംലയിലും ചുറ്റുമുള്ള പ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന പതിമൂന്ന് ഹോട്ടലുകളും റിസോര്‍ട്ടുകളും കടുത്ത നിയമ ലംഘനം നടത്തിയെന്നും കോടതി കണ്ടെത്തിയിരുന്നു. ഇവ പൊളിച്ച് നീക്കാന്‍ ജില്ലാ ഭരണത്തോട് കോടതി ഉത്തരവിടുകയായിരുന്നു.
അതേസമയം സംഭവവുമായി ബന്ധപ്പെട്ട് കെട്ടിട ഉടമ വിജയ് താക്കൂറിനെ ഇതുവരെയും പിടികൂടാനായിട്ടില്ല. ഇയാള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.