അഞ്ച് വര്‍ഷത്തിനിടെ രാജ്യത്ത് നടന്നത് ഒരു ലക്ഷം കോടിയുടെ ബാങ്ക് തട്ടിപ്പ്; മോദി സര്‍ക്കാര്‍ വന്ന ശേഷം തട്ടിപ്പ് കൂടി

single-img
2 May 2018

ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്ത് ഒരു ലക്ഷം കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നടന്നുവെന്ന് റിസര്‍വ് ബാങ്ക്. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയിലാണ് രാജ്യത്തെ ബാങ്ക് തട്ടിപ്പുകളെ സംബന്ധിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ആര്‍.ബി.ഐ പുറത്ത് വിട്ടത്.

2013 മുതല്‍ 2018 വരെയുള്ള വര്‍ഷങ്ങളിലെ തട്ടിപ്പ് കേസുകളുടെ വിവരങ്ങളാണ് ആര്‍.ബി.ഐ പുറത്ത് വിട്ടിരിക്കുന്നത്. ഇക്കാലയളവിനുള്ളില്‍ 23,866 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഓരോ കേസിലും ബാങ്കുകളുടെ നഷ്ടം ഒരു ലക്ഷം രൂപയോ അതിന് മേലെയോ ആണ്. അഞ്ച് വര്‍ഷം കൊണ്ട് ഉണ്ടായ നഷ്ടം 1,00,718 കോടി രൂപയാണ്.

2013-14 സാമ്പത്തികവര്‍ഷം 4,306 കേസുകളാണ് ശ്രദ്ധയില്‍പെട്ടിട്ടുള്ളത്. അന്ന് നഷ്ടമുണ്ടായത് 10,170 കോടി രൂപയാണ്. 2014-15ല്‍ കേസുകളുടെ എണ്ണം 4,639 ആയി. 2015-16ല്‍ ഇത് 4,693 ആയി വര്‍ധിച്ചു. 2016-17ല്‍ കേസുകളുടെ എണ്ണം 5,076 ആയി. 2017 ഏപ്രില്‍ മുതല്‍ 2018 മാര്‍ച്ച് 1 വരെയുള്ള കാലത്ത് നടന്നിട്ടുള്ള തട്ടിപ്പുകളുടെ എണ്ണം 5,152 ആണ്.

റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള തട്ടിപ്പ് കേസുകളില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഓരോ കേസിന്റെയും സ്വഭാവം അനുസരിച്ച് നടപടികള്‍ സ്വീകരിക്കുമെന്നും റിസര്‍വ്വ് ബാങ്ക് അറിയിച്ചു.