കോഴിക്കോട് പൊലീസ് കസ്റ്റഡിയില്‍ നിന്ന് ഇറക്കിക്കൊണ്ടുപോയ പ്രതിയെ സിപിഎം പ്രവര്‍ത്തകര്‍ തിരികെയെത്തിച്ചു

single-img
2 May 2018

കോഴിക്കോട്: പേരാമ്പ്രയില്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് മോചിപ്പിച്ച പ്രതിയെ സി.പി.എം പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കി. ബോംബേറ് കേസിലെ പ്രതി സുധാകരനെയാണ് രാവിലെ സി.പി.എം പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കിയത്.

ശിവജി സേന എന്ന സംഘടനയുടെ പ്രവര്‍ത്തകന്റെ വീട് ആക്രമിച്ച കേസിലെ പ്രതിയാണ് സുധാകരന്‍. സുധാകരനായി പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് സി.പി.എം പ്രവര്‍ത്തകര്‍ പേരാമ്പ്ര പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കിയത്. ഇയാളോടൊപ്പം ഇതേ കേസിലെ മറ്റൊരു പ്രതി ചിന്നന്നേയും പൊലീസില്‍ ഹാജരാക്കി.

പേരാമ്പ്ര സ്വദേശിയായ സുധാകരനെ ഇന്നലെ ബസ് സ്റ്റാന്‍ഡില്‍വച്ചാണ് പൊലീസ് ജീപ്പ് തടഞ്ഞ് സി.പി.എം. പ്രവര്‍ത്തകര്‍ ബലമായി ഇറക്കിക്കൊണ്ടുപോയത്. കണ്ടാലറിയാവുന്ന പതിനഞ്ചുപേര്‍ക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു.

പ്രതിയെ മോചിപ്പിച്ചത് മന്ത്രി ടി.പി രാമകൃഷ്ണന്റെ അറിവോടെയെന്ന് ഡിസിസി പ്രസിഡന്റ് ടി സിദ്ധിഖ് ആരോപിച്ചിരുന്നു. പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ നിന്ന് മോചിപ്പിച്ച സംഭവത്തില്‍ പാര്‍ട്ടിയുടെ മുഖം രക്ഷിക്കാനുള്ള നേതൃത്ത്വത്തിന്റെ ഇടപെടലാണ് ഉടന്‍ പ്രതിയെ പൊലീസില്‍ ഹാജരാക്കാന്‍ കാരണം. സംഭവത്തില്‍ പൊലീസ് കൂടുതല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകുന്നുമില്ല.