ചാനല്‍ ചര്‍ച്ചയ്ക്കിടെ ബി.ജെ.പിയ്‌ക്കെതിരെ ആരോപണമുന്നയിച്ചു; കോണ്‍ഗ്രസ് വക്താവിനെ ന്യൂസ് 18 അവതാരകന്‍ ‘അടിച്ചു’ (വീഡിയോ കാണാം)

single-img
2 May 2018

https://www.facebook.com/IRifatJawaid/videos/1565866750178312/

തിങ്കളാഴ്ച നടന്ന ഒരു സംവാദ പരിപാടിക്കിടെ ന്യൂസ് 18 ഇന്ത്യ അവതാരകന്‍ തന്നെ അടിച്ചതായി കോണ്‍ഗ്രസ് വക്താവ് രാജീവ് ത്യാഗിയുടെ ആരോപണം. അസുഖബാധിതനായ ലാലുമായി കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത് സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ത്യാഗി.

സുമിത് അശ്വതിയായിരുന്നു പരിപാടി അവതരിപ്പിച്ചിരുന്നത്. റാഫേല്‍ ഇടപാടിനെ കുറിച്ചും ജഡ്ജി ലോയയുടെ മരണത്തെ കുറിച്ചും അമിത് ഷായുടെ മകനെ കുറിച്ചും ചര്‍ച്ച നടത്തി ധൈര്യം കാണിക്കാന്‍ ത്യാഗി അവതാരകനെ വെല്ലുവിളിച്ചു. ഇതുകേട്ട് ക്ഷുഭിതനായ അവതാരകന്‍ തന്റെ വാര്‍ത്താ സംഘത്തോട് ത്യാഗിയെ ടിവി ഫ്രേമില്‍ നിന്ന് മാറ്റാന്‍ ആവശ്യപ്പെട്ടു.

ഇതിനിടെ കസേരയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ ഒരുങ്ങുകയായിരുന്ന ത്യാഗിയുടെ കൈയില്‍ അവതാരകന്‍ അടിക്കുകയും തിരിച്ച് കസേരയില്‍ വന്നിരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ”നാടകമൊന്നും വേണ്ട. പോയി കസേരിയിലിരിക്കൂ. മിണ്ടാതെ ഇരിക്കൂ, മിണ്ടാതെ ഇരിക്കൂ”.അവതാരകന്‍ പറഞ്ഞു. മിണ്ടാതിരിക്കൂ എന്ന വരി സുമിത് ആവര്‍ത്തിക്കുന്നുണ്ടായിരുന്നു.

ഇതേ തുടര്‍ന്നാണ് ത്യാഗി അവതാരകനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ‘നിങ്ങള്‍ എന്നെ അടിച്ചു. നിങ്ങള്‍ക്ക് മുന്നിലേക്ക് ഞാന്‍ കണ്ണാടി നീട്ടിപിടിച്ചതിനാലാണ് നിങ്ങള്‍ എന്നെ അടിച്ചത്’,ത്യാഗി സുമിതിനോട് പറഞ്ഞു. എന്നാല്‍ പരിധി വിട്ട് സംസാരിക്കരുതെന്നായിരുന്നു ത്യാഗിയോട് സുമിത് മറുപടി നല്‍കിയത്.

സംഭവം നിര്‍ഭാഗ്യകരമാണെന്നായിരുന്നു പിന്നീട് ത്യാഗി മറ്റൊരു മാധ്യമത്തോട് പ്രതികരിച്ചത്. ”ജനങ്ങളെ വലിയ തോതില്‍ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ മാധ്യമങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരണം എന്നായിരുന്നു ഞാന്‍ ആവശ്യപ്പെട്ടത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ യുവാക്കളുള്ള രാജ്യമാണ് ഇന്ത്യ.

എന്നാല്‍ അവരുടെ തൊഴിലിന്റെ അവസ്ഥയെന്താണ്? 2014ലെ ബിജെപിയുടെ പ്രകടനപത്രികയില്‍ ബിജെപി നല്‍കിയ വാഗ്ദാനം എന്തായി?” ത്യാഗി ചോദിച്ചു. ഇത്തരം വിഷയങ്ങളില്‍ വരും ദിവസങ്ങളില്‍ ചര്‍ച്ച സംഘടിപ്പിക്കാനുള്ള അര്‍പ്പണബോധമുണ്ടാകണമെന്ന് ഹസ്തദാനം നല്‍കിക്കൊണ്ട് സുമിത് അശ്വതിയോട് പറയുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഈ വിഷയത്തില്‍ അവതാരകന്‍ പ്രതികരിച്ചിട്ടില്ല. മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള ന്യൂസ് 18 ഗ്രൂപ്പിന്റെ ഹിന്ദി ചാനലാണ് ന്യൂസ് 18 ഇന്ത്യ.