മഅദനിക്ക് കേരളത്തിലേക്ക് പോകാന്‍ കോടതിയുടെ അനുമതി

single-img
2 May 2018

ബംഗളൂരു: പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിക്ക് കേരളത്തിലേക്ക് പോകാന്‍ അനുമതി. ബംഗളൂരു എന്‍ഐഎ കോടതിയാണ് അനുമതി നല്‍കിയത്. മെയ് 3 മുതല്‍ 11 വരെ മഅദനിക്ക് കേരളത്തില്‍ കഴിയാം. അര്‍ബുദ രോഗിയായ അമ്മയെ കാണുന്നതിന് വേണ്ടിയാണ് മദനിക്ക് എന്‍ഐഎ കോടതി ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചത്.

ബെംഗളൂരു സ്‌ഫോടനക്കേസിലെ 31ാം പ്രതിയായ മദനി നിലവില്‍ കര്‍ശന ഉപാധികളോടെ ബെംഗളൂരുവില്‍ ജാമ്യത്തില്‍ കഴിയുകയാണ്. ഈ വ്യവസ്ഥകളിലാണ് ഇപ്പോള്‍ ഇളവ് അനുവദിച്ചിരിക്കുന്നത്. കോടതി ഉത്തരവിന്റെ പകര്‍പ്പ് ഇതുവരെ മഅദനി കൈപ്പറ്റിയിട്ടില്ല.

ഇത് സ്വീകരിച്ചതിന് ശേഷം പോലീസിന്റെ നടപടിക്രമങ്ങളും പൂര്‍ത്തിയാകേണ്ടതുണ്ട്. ഇതെല്ലാം പൂര്‍ത്തിയായതിന് ശേഷം കേരളത്തിലേക്ക് യാത്രതിരിക്കുമെന്നാണ് മഅദനി അറിയിച്ചിട്ടുള്ളത്.