പുക ഐസ്‌ക്രീം കഴിക്കുന്നത് ഉദരരോഗങ്ങള്‍ക്ക് ഇടയാക്കും; ചിലപ്പോള്‍ മരണവും: പുക ഐസ്‌ക്രീം വില്‍ക്കുന്ന സ്ഥാപനങ്ങള്‍ പൂട്ടാന്‍ നിര്‍ദ്ദേശം

single-img
2 May 2018

കോഴിക്കോട്: പുക വരുന്ന ഐസ്‌ക്രീമിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കകള്‍ നിലനില്‍ക്കെ ഇത്തരം ഐസ്‌ക്രീമുകള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടച്ചിടാന്‍ ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസര്‍ ഇ.കെ ഏലിയാമ്മ നിര്‍ദ്ദേശം നല്‍കി. ഐസ്‌ക്രീം നൂറു ശതമാനവും സുരക്ഷിതമാണെന്ന് പറയാനാകില്ലെന്നും അതിനാല്‍ ഇത് കഴിക്കുന്നവര്‍ സ്വന്തം റിസ്‌ക്കില്‍ കഴിക്കണമെന്നും അവര്‍ അറിയിച്ചു.

ഐസ്‌ക്രീമിലെ ഗ്യാസ് വയറ്റിനകത്തെത്തിയാല്‍ ഉദരരോഗങ്ങള്‍ക്ക് സാധ്യതയുണ്ട്. എന്നാല്‍ ഗ്യാസ് പോയതിന് ശേഷമാണ് ഐസ്‌ക്രീം വയറിനകത്ത് എത്തുന്നതെങ്കില്‍ സുരക്ഷയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പുകവരുന്ന ഐസ്‌ക്രീം കോഴിക്കോട് നഗരത്തില്‍ പ്രസിദ്ധമായി വരുന്നതിനിടെ സമൂഹമാധ്യമങ്ങള്‍ സുരക്ഷയെക്കുറിച്ച് ആശങ്ക ഉന്നയിച്ചിരുന്നു.

എന്നാല്‍ ഐസ്‌ക്രീം നൂറ് ശതമാനവും സുരക്ഷിതമാണെന്നും ഐസ്‌ക്രീമിനെതിരെ നടക്കുന്ന പ്രചാരണങ്ങള്‍ വ്യാചമാണെന്നുമാണ് പുക ഐസ്‌ക്രീം വില്‍ക്കുന്ന സ്ഥാപനങ്ങളുടെ നിലപാട്. ലിക്വഡ് നൈട്രജനാണ് ഐസ്‌ക്രീമിന്‍ പുകയുണ്ടാക്കുന്നത്.

അതേസമയം മരണം വരെ സംഭവിക്കാവുന്ന ലിക്വിഡ് നൈട്രജന്‍ ചേര്‍ത്ത ഐസ്‌ക്രീമിന്റെ ദോഷ വശങ്ങള്‍ പോലും മനസ്സിലാക്കാതെയാണ് പലരും ഇതിന് പിന്നാലെ പായുന്നതെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രചരണം. കംപ്യൂട്ടറുകള്‍ ചൂടാകുന്നത് ഒഴിവാക്കാനുപയോഗിക്കുന്ന ലിക്വിഡ് നൈട്രജനാണ് പുതിയ ഇനം പുകമഞ്ഞ് ഐസ്‌ക്രീമില്‍ ചേര്‍ക്കുന്നത്.

ഇവ അതീവ അപകടകാരിയാണ്. പുകവലിക്കുന്നത് പോലെ ലിക്വിഡ് നൈട്രജന്‍ ചേര്‍ത്ത വസ്തുക്കള്‍ കഴിക്കുമ്പോള്‍ പുക പുറത്ത് വിടാമെന്ന പരസ്യം നല്‍കിയാണ് കച്ചവടക്കാര്‍ ഉപഭോക്താക്കളെ വലയിലാക്കുന്നത്. നൈട്രജന്‍ ഗ്യാസിനെ നിശ്ചിത ഊഷ്മാവില്‍ നിശ്ചിത മര്‍ദം ചെലുത്തി മൈനസ് 196 ഡിഗ്രിയില്‍ തണുപ്പിച്ച് ദ്രാവക രൂപത്തിലേക്ക് മാറ്റുന്നതാണ് നൈട്രജന്‍ ലിക്വിഡ്.

ഐസിനേക്കാളും 196 മടങ്ങ് അധിക തണുപ്പാണ് ഇതിനുണ്ടാവുക. നൈട്രജന്‍ പൂര്‍ണമായും പ്രകൃതിദത്തമാണെങ്കില്‍ ലിക്വിഡ് നൈട്രജന്‍ പൂര്‍ണമായും മനുഷ്യനിര്‍മ്മിതമാണെന്നതാണ് സവിശേഷത. നൈട്രജന്‍ പ്രധാനമായും അപകടകാരിയാകുന്നത് അതിന്റെ ദ്രാവക രൂപത്തിലാണ്.

കംപ്യൂട്ടറില്‍ കൂളന്റായും പ്രീ കാന്‍സറസ് സെല്ലുകളെ നീക്കം ചെയ്യാനും ഭക്ഷണം അതിവേഗത്തില്‍ തണുപ്പിക്കാനും വാഹനത്തിലും ലിക്വിഡ് നൈട്രജന്‍ ഉപയോഗിക്കുന്നുണ്ട്. മൃതദേഹം അഴുകാതെ സൂക്ഷിക്കാനുള്ള ക്രയോണിക്‌സ് എന്ന മെഡിക്കല്‍ പ്രക്രിയക്കും ഇത് ഉപയോഗിക്കുന്നു.

അതീവ ശ്രദ്ധയോടെ പരിശീലനം ലഭിച്ചവര്‍ മാത്രം കൈകാര്യം ചെയ്യേണ്ട ലിക്വിഡ് നൈട്രജന്‍ തെരുവോരങ്ങളിലെ കച്ചവടങ്ങളിലേക്ക് വ്യാപിക്കുന്നത് വലിയ ആശങ്കയാണ് പരത്തുന്നത്. നിശ്ചിത അളവ് ലിക്വിഡ് നൈട്രജന്‍ അകത്തുചെന്നാല്‍ മിനുട്ടുകള്‍ക്കകം മരണം വരെ സംഭവിച്ചേക്കാം.

കഴിച്ച ശേഷവും ഗ്ലാസില്‍ ബാക്കിയാവുന്ന ലിക്വിഡ് നൈട്രജന്‍ കുടിച്ച നിരവധിയാളുകള്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയതായാണ് വിവരം. ഐസ്‌ക്രീം, ബിസ്‌കറ്റ് തുടങ്ങിയവയില്‍ ലിക്വിഡ് നൈട്രജന്‍ ചേര്‍ത്ത് തരുമ്പോള്‍, ഇത് പൂര്‍ണമായും നൈട്രജന്‍ ഗ്യാസായി പോയതിനു ശേഷമാണോ കഴിക്കുന്നതെന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. കുടല്‍, കരള്‍, വൃക്ക തുടങ്ങിയ അവയവങ്ങള്‍ക്കും കേടുപാട് സംഭവിക്കാനും ഇത് കാരണമാകും.