ഇപ്പോള്‍ ഈ വേദിയില്‍ നിന്ന് ഞാന്‍ വൈകാരികമായി സംസാരിച്ചാലും കരഞ്ഞാലുമൊക്കെ അദ്ദേഹം ചിരിക്കും; ഷൂട്ടിങ്ങ് സമയങ്ങളിലും ഇങ്ങനെ തന്നെയായിരുന്നു: ദുല്‍ഖര്‍ സല്‍മാന്‍

single-img
2 May 2018


പ്രശസ്ത നടി സാവിത്രിയുടെ ജീവിതകഥ പറയുന്ന മഹാനടി എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നു. ചിത്രത്തില്‍ ദുല്‍ക്കര്‍ സല്‍മാനും കീര്‍ത്തി സുരേഷും വിജയ് ദേവര്‍കോണ്ടയുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. നടൈഗര്‍ തിലകമെന്ന പേരിലാണ് തമിഴില്‍ ചിത്രം എത്തുന്നത്.

പ്രകാശ് രാജും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. മെയ് 9നാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ ദുല്‍ഖര്‍ നടത്തിയ പ്രസംഗം ശ്രദ്ധേയമായിരിക്കുകയാണ്. ചിത്രത്തിന്റെ കഥ പറയാന്‍ തന്റെ അടുത്ത് വന്ന സംവിധായകന്‍ നാഗ് അശ്വിനോട് ഈ സിനിമ ചെയ്യാന്‍ നിങ്ങളെ കൊണ്ട് സാധിക്കുമോ എന്ന് താന്‍ ചോദിച്ചെന്ന് ദുല്‍ഥര്‍ പറയുന്നു.

‘താങ്കളുടെ രണ്ടാമത്തെ ചിത്രം മാത്രമല്ലെ ഇത്. ഇത്തരത്തിലൊരു വലിയ ചിത്രം ചെയ്യാന്‍ താങ്കള്‍ക്കാകുമോ ?’ തന്റെ ഈ ചോദ്യത്തിന് ആത്മവിശ്വാസത്തോടെ സാധിക്കും എന്ന് നാഗ് മറുപടി പറഞ്ഞതായും ദുല്‍ഖര്‍ പറഞ്ഞു. ‘എനിക്ക് ഭാഷ അറിയില്ലെന്ന് ഞാന്‍ പറഞ്ഞു.

സാരമില്ല ശരിയാക്കാം എന്നായിരുന്നു മറുപടി. അങ്ങനെ ഞാന്‍ ജെമിനി ഗണേശനായി. ഇപ്പോള്‍ ഈ വേദിയില്‍ നിന്ന് ഞാന്‍ വൈകാരികമായി സംസാരിച്ചാലും കരഞ്ഞാലുമൊക്കെ നാഗി ചിരിക്കും. ഷൂട്ടിങ്ങ് സമയങ്ങളിലും ഇങ്ങനെ തന്നെയായിരുന്നു. ‘ ദുല്‍ഖര്‍ പറഞ്ഞു.

‘എന്റെ കൂടെ അഭിനയിച്ചവരും സിനിമയില്‍ സഹകരിച്ചവരും എല്ലാവരും എന്നോട് വലിയ സ്‌നേഹത്തോടെയാണ് പെരുമാറിയത്. വിജയ്, സമാന്ത, കീര്‍ത്തി ഒപ്പം ഈ സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിച്ച എല്ലാവരോടും നന്ദിയുണ്ട്. കീര്‍ത്തിയെ എനിക്ക് ചെറുപ്പം മുതല്‍ അറിയാം.

കീര്‍ത്തിയുടെ അമ്മയെ എനിക്ക് വലിയ ഇഷ്ടമാണ്. എന്റെ എല്ലാ സിനിമകളും കണ്ടിട്ട് കീര്‍ത്തിയുടെ അമ്മ എനിക്ക് മെസജ് അയയ്ക്കാറുണ്ട് ഞാന്‍ എപ്പോഴും മറുപടിയും കൊടുക്കാറുണ്ട്. അമ്മയുടെ കാര്‍ബണ്‍ കോപ്പിയാണ് കീര്‍ത്തി.’ ദുല്‍ക്കര്‍ പറഞ്ഞു. ജെമിനി ഗണേശനായി മാറാന്‍ തന്നെ സഹായിച്ച എല്ലാവര്‍ക്കും ദുല്‍ഖര്‍ നന്ദി പറഞ്ഞു.