വീണ്ടും സ്വകാര്യ ബസുകാരുടെ ക്രൂരത; ഇറങ്ങുന്നതിന് മുമ്പ് ബസ് മുന്നോട്ടെടുത്തു; ഗര്‍ഭിണിക്ക് വീണ് പരിക്ക്; കണ്ടിട്ടും ബസ് നിര്‍ത്താതെ പോയി

single-img
2 May 2018

കോഴിക്കോട്: വടകര ഇരിങ്ങലില്‍ സ്വകാര്യ ബസില്‍നിന്ന് റോഡിലേക്ക് വീണ് ഗര്‍ഭിണിക്ക് പരിക്ക്. ഇരിങ്ങല്‍ സ്വദേശി ദിവ്യക്കാണ് പരിക്കേറ്റത്. ഇരിങ്ങലില്‍ ഇവര്‍ ഇറങ്ങുന്നതിനു മുമ്പ് ബസ് മുന്നോട്ട് എടുത്തതാണ് അപകടത്തിന് കാരണമായത്. ബസിന്റെ വാതില്‍ തട്ടി ദിവ്യയുടെ കാലിന് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ ദിവ്യ വീഴുന്നതു കണ്ടിട്ടും ബസ് നിര്‍ത്താതെ പോയി. ഏഴുമാസം ഗര്‍ഭിണിയാണ് ദിവ്യ. ഇന്നലെ രാത്രി 8.15ഓടെ ആയിരുന്നു അപകടം. കോഴിക്കോട് ആശുപത്രിയില്‍ ഡോക്ടറെ കണ്ടിട്ട് മടങ്ങുകയായിരുന്നു ദിവ്യയും ഭര്‍ത്താവും. കോഴിക്കോട് കണ്ണൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഡി ടി എസ് എഫ് 4 എന്ന സ്വകാര്യബസില്‍നിന്നാണ് ദിവ്യ വീണത്.

ബസ് നിര്‍ത്താന്‍ ഭര്‍ത്താവ് ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ തയ്യാറായില്ല. ദിവ്യയെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദിവ്യയുടെ ആരോഗ്യനിലയില്‍ ആശങ്കകളില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി. എന്നാല്‍, ടിക്കറ്റ് കാണിച്ചപ്പോള്‍ ഇത് ആ ബസിന്റെ തന്നെയാണെന്നതിന് എന്താണ് തെളിവ് എന്നായിരുന്നു പോലീസ് ചോദിച്ചതെന്ന് ഭര്‍ത്താവ് പറഞ്ഞു.