അന്തരീക്ഷ മലിനീകരണത്തിന്റെ കാര്യത്തിലും ഇന്ത്യ ഒന്നാം സ്ഥാനത്ത്: ലോകത്തിലെ മലിനമായ 20 നഗരങ്ങളില്‍ 14ഉം ഇന്ത്യയില്‍

single-img
2 May 2018

ന്യൂഡല്‍ഹി: ലോകത്തെ പ്രധാനപ്പെട്ട 20 നഗരങ്ങളെ അടിസ്ഥാനമാക്കി ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്ഒ) നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ടില്‍ അന്തരീക്ഷ മലിനീകരണത്തിന്റെ കാര്യത്തിലും ഇന്ത്യ ഒന്നാം സ്ഥാനത്ത്. രാജ്യ തലസ്ഥാനമായ ന്യൂഡല്‍ഹിയാണ് ഏറ്റവുമധികം മലിനീകരണം നടക്കുന്ന നഗരം.

മുംബൈ, വാരാണസി ഉള്‍പ്പെടെ ഇന്ത്യയിലെ 14 നഗരങ്ങള്‍ ഈ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. മലിനീകരണ നഗരങ്ങളിലെ പട്ടികയിലെ മലിനീകരണ തോത് 2.5 പി.എം ആണ്. ലോകത്തെ 10 ല്‍ ഒമ്പതു പേരും മലിനവായുവാണ് ശ്വസിക്കുന്നതെന്നും 2016 അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

കാണ്‍പൂര്‍, ഫരീദാബാദ്, ഗയ, പാറ്റ്‌ന, ആഗ്ര, മുസാഫര്‍പൂര്‍, ശ്രീനഗര്‍, ഗുഡ്ഗാവ്, ജയ്പൂര്‍, പാട്യാല, ജോധ്പൂര്‍ എന്നിവയാണ് മറ്റ് പ്രധാന നഗരങ്ങള്‍. കുവൈറ്റിലെ അലി സുബഹ് അല്‍ സലേം, ചൈന, മംഗോളിയ എന്നീ രാജ്യങ്ങളിലെ ചില നഗരങ്ങളും പട്ടികയില്‍ ഇടംപിടിച്ചു.

മലിനീകരണത്തെ തുടര്‍ന്ന് പ്രതിവര്‍ഷം ഇന്ത്യയില്‍ 24 ലക്ഷം പേര്‍ അകാലത്തില്‍ മരണമടയുന്നെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ആഗോള തലത്തില്‍ ഇത് 38 ലക്ഷമാണ്. ഇതില്‍ തെക്കന്‍ കിഴക്കന്‍ ഏഷ്യയുടെ സംഭാവന 40 ശതമാനമാണ്.

2.5 പി.എം മലിനീകരണ തോതുള്ള രാജ്യങ്ങളിലെ മലിനീകരണത്തിന് കാരണമാവുന്നത് സള്‍ഫേറ്റ്, നൈട്രേറ്റ്, ബ്‌ളാക്ക് കാര്‍ബണ്‍ എന്നിവയാണ്. ഇവയെല്ലാം മനുഷ്യരുടെ ആരോഗ്യത്തിന് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.