കെ.എന്‍ ബാലഗോപാലും പി. രാജീവും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍: കൊല്ലത്തും എറണാകുളത്തും പുതിയ സെക്രട്ടറിമാര്‍

single-img
2 May 2018

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ രണ്ട് പുതിയ അംഗങ്ങളെ തെരഞ്ഞെടുത്തു. പാര്‍ട്ടി കൊല്ലം ജില്ലാ സെക്രട്ടറി കെഎന്‍ ബാലഗോപാലും എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവുമാണ് പുതുതായി സെക്രട്ടേറിയറ്റില്‍ ഇടംപിടിച്ചത്.

തിരുവനന്തപുരത്ത് പുരോഗമിക്കുന്ന പാര്‍ട്ടി സംസ്ഥാന സമിതിയോഗത്തിലാണ് രണ്ട് പേരെ പുതുതായി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. നിലവിലുള്ള ആരേയും ഒഴിവാക്കാതെയാണ് രണ്ട് പേരെ കൂടി സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ സെക്രട്ടറിയറ്റ് അംഗങ്ങളുടെ എണ്ണം 16 ആയി.

പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, പി കരുണാകരന്‍, പികെ ശ്രീമതി, ഇപി ജയരാജന്‍, ടിഎം തോമസ് ഐസക്, എളമരം കരീം, എകെ ബാലന്‍, എംവി ഗോവിന്ദന്‍, ബേബി ജോണ്‍, ആനത്തലവട്ടം ആനന്ദന്‍, ടിപി രാമകൃഷ്ണന്‍, എംഎം മണി, കെജെ തോമസ് എന്നിവരായിരുന്നു നിലവിലെ സംസ്ഥാന സെക്രട്ടറിയറ്റിലുണ്ടായിരുന്നത്. വിവി ദക്ഷിണാമൂര്‍ത്തിയുടെ മരണത്തെ തുടര്‍ന്ന് ഒരു സീറ്റ് ഒഴിഞ്ഞുകിടക്കുകയായിരുന്നു.

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍, തൃശൂര്‍ ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്‍ എന്നിവര്‍ സംസ്ഥാന സെക്രട്ടറിയറ്റില്‍ വരുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നുവെങ്കിലും കൊല്ലം, എറണാകുളം ജില്ലാ സെക്രട്ടറിമാരെയാണ് അപ്രതീക്ഷിതമായി സംസ്ഥാന സെക്രട്ടറിയറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ജില്ലാ സെക്രട്ടറിമാര്‍ സംസ്ഥാന സെക്രട്ടറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ കൊല്ലത്തും എറണാകുളത്തും പുതിയ ജില്ലാ സെക്രട്ടറിമാരെ തെരഞ്ഞെടുക്കും. മുന്‍ രാജ്യസഭാംഗങ്ങളായിരുന്നു ബാലഗോപാലും രാജീവും. തൃശൂര്‍ ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണനെയും സംസ്ഥാന സെക്രട്ടറിയറിയറ്റ് അംഗമായ എംവി ഗോവിന്ദനെയും അടുത്തിടെ സമാപിച്ച ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസില്‍ സിപിഎം കേന്ദ്രകമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തിരുന്നു.