താജ്മഹലിന്റെ നിറം മാറുന്നതെന്തുകൊണ്ട് ?; കേന്ദ്രത്തിനെതിരെ വിമർശനവുമായി സുപ്രീംകോടതി

single-img
1 May 2018

താജ്മഹലിന്റെ നിറം മാറുന്നതെന്തുകൊണ്ടെന്ന് സുപ്രീം കോടതി. കടുത്ത അന്തരീക്ഷമലിനീകരണത്തെ തുടര്‍ന്ന് താജ്മഹലിന്റെ നിറം മങ്ങുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച സുപ്രീം കോടതി ഇക്കാര്യം പരിഹരിക്കുന്നതിന് വിദഗ്ധരുടെ സേവനം പരിഗണിക്കണമെന്ന് അഭിപ്രായപ്പെട്ടു.

അന്തരീക്ഷ മലിനീകരണത്തെ തുടര്‍ന്ന് ആദ്യം താജ്മഹല്‍ മഞ്ഞ നിറമാവുകയായിരുന്നു. ഇപ്പോഴാകട്ടെ തവിട്ടും പച്ചയും നിറങ്ങളായി മാറുകയാണെന്നും ഇത് ആശങ്കപ്പെടുത്തുന്നതാണെന്നും കോടതി പറഞ്ഞു. ലോകാദ്ഭുതങ്ങളിലൊന്നായ ഈ മഹാസൗധം പ്രശ്നങ്ങൾ പരിഹരിച്ചു സംരക്ഷിച്ചു നിർത്തണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.

ഇതുമായി ബന്ധപ്പെട്ട വിദഗ്ധരുണ്ടോയെന്നറിയില്ല. ഉണ്ടെങ്കിൽത്തന്നെ കേന്ദ്രം അവരെ ഉപയോഗപ്പെടുത്തുന്നില്ല. അതിനെപ്പറ്റി ശ്രദ്ധിക്കുന്നതു പോലുമില്ല– ജസ്റ്റിസുമാരായ എം.ബി.ലോകുറിന്റെയും ദീപക് ഗുപ്തയുടെയും ബെഞ്ച് വിമർശിച്ചു. സർക്കാരിനെ പ്രതിനിധീകരിച്ച അഡിഷനൽ സോളിസിറ്റൽ ജനറൽ എഎൽഎസ് നഡ്കർണിയ്ക്ക് താജ് മഹലിന്റെ ഫോട്ടോകൾ കാണിച്ചു കൊണ്ടായിരുന്നു ‘എന്തുകൊണ്ടാണ് ഈ നിറംമാറ്റമെന്ന’ ചോദ്യം സുപ്രീംകോടതി
ഉന്നയിച്ചത്.

പരിസ്ഥിതി പ്രവർത്തകൻ എം.സി.മേത്തയാണ് ഇതു സംബന്ധിച്ച ഹർജി നൽകിയത്. ആര്‍ക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്കാണു താജ് മഹലിന്റെ സംരക്ഷണ ചുമതല. ഹർജി കൂടുതൽ വാദത്തിനായി മേയ് ഒൻപതിലേക്കു മാറ്റി.