ഷുഹൈബ് വധക്കേസിൽ പോലീസ് അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി

single-img
1 May 2018

യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ളോക്ക് സെക്രട്ടറിയായിരുന്ന ഷുഹൈബിനെ വധിച്ച കേസിലെ സി.ബി.ഐ അന്വേഷണം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തത് നീക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. കേസിൽ പൊലീസിന്റെ അന്വേഷണം തുടരാമെന്നും കേസിൽ കുറ്റപത്രം സമ‌ർപ്പിക്കുന്നതിന് പൊലീസിന് തടസങ്ങളില്ലെന്നും കോടതി പറഞ്ഞു.

സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ട് ഷുഹൈബിന്റെ പിതാവ് സി.പി.മുഹമ്മദാണ് സുപ്രീം കോടതിയെ സമീപിച്ചത്. മുഹമ്മദിന്റെ ഹർജിയിൽ സി.ബി.ഐയ്ക്കും സംസ്ഥാന സർക്കാരിനും സുപ്രീം കോടതി നോട്ടീസ് അയച്ചു. രാഷ്ട്രീയ കൊലപാതകങ്ങൾ നടത്തുന്നവർ വിഡ്ഢികളാണെന്നും കോടതി പറഞ്ഞു. ഷുഹൈബിന്റെ മൃതദേഹത്തിന്റെ ചിത്രങ്ങൾ കണ്ടതിനു ശേഷമായിരുന്നു പരാമർശം.

പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും തെളിവു നശിപ്പിക്കപ്പെടും മുൻപ് കേസ് അടിയന്തരമായി സിബിഐക്കു വിടണമെന്നും ആവശ്യപ്പെട്ടാണു ഷുഹൈബിന്റെ പിതാവ് കോടതിയെ സമീപിച്ചത്. മുതിർന്ന കോൺഗ്രസ് നേതാവും അഭിഭാഷകനുമായ കപിൽ സിബലാണു കുടുംബത്തിനു വേണ്ടി ഹാജരായത്. കണ്ണൂരിലെ കോൺഗ്രസ് നേതാവ് കെ.സുധാകരനാണു ഷുഹൈബിന്റെ കുടുംബത്തിനു വേണ്ടി കപിൽ സിബലിനെ സുപ്രീംകോടതിയിലെത്തിക്കുന്നത്.

ഷുഹൈബ് വധക്കേസ് പ്രതികൾക്കു സിപിഎം നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നും സിബിഐ അന്വേഷണം വേണമെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീലിനെത്തുടർന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തു. തുടർന്നു മധ്യവേനൽ അവധിക്കു ശേഷം പരിഗണിക്കുന്നതിനായി ഹർജി മാറ്റുകയും ചെയ്തിരുന്നു. ഒന്നര മാസത്തെ കാലയളവ് അന്വേഷണത്തെ ബാധിക്കുമെന്നു ചൂണ്ടിക്കാട്ടിയാണു കുടുംബം സുപ്രീംകോടതിയെ സമീപിച്ചത്.