രണ്ടുവര്‍ഷം മുമ്പ് ജിദ്ദയില്‍ ചാവേറാക്രമണം നടത്തിയ ഭീകരന്‍ ഇന്ത്യക്കാരന്‍

single-img
1 May 2018

രണ്ടു വർഷം മുൻപു ജിദ്ദയിലെ യുഎസ് കോൺസുലേറ്റിനു പുറത്തുണ്ടായ സ്ഫോടനത്തിൽ ചാവേറായത് ഇന്ത്യക്കാരനായ ഭീകരനാണെന്നു സൗദി അറേബ്യ സ്ഥിരീകരിച്ചു. ഡിഎൻഎ പരിശോധനയുടെ അടിസ്ഥാനത്തിലാണു സൗദി ഭരണകൂടം ഇക്കാര്യം സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ നിന്ന് അയച്ചുകൊടുത്ത ഡിഎന്‍എ സാമ്പിളും ചാവേറിന്റെ ഡിഎന്‍എ സാമ്പിളും തമ്മില്‍ പരിശോധിച്ചാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ദേശീയ അന്വേഷണ ഏജന്‍സി പട്യാലഹൗസ് കോടതിയെ അറിയിച്ചതാണ് ഇക്കാര്യം.

മഹാരാഷ്ട്രയിലെ ബീഡ് സ്വദേശിയും ലഷ്കർ ഭീകരനുമായ ഫയാസ് കഗ്സിയാണ് ചാവേറായതെന്ന് ആക്രമണമുണ്ടായി മാസങ്ങൾക്കുള്ളിൽ സൗദി വ്യക്തമാക്കിയിരുന്നു. ഇതിനെ സാധൂകരിക്കുന്നതാണ് ഡിഎൻഎ പരിശോധനാ ഫലം.

2016 ജൂലൈ നാലിനാണു മദീന, ജിദ്ദ, കിഴക്കൻ പ്രവിശ്യയിലെ ഖാത്തിഫ് എന്നിവിടങ്ങളിൽ ചാവേർ ആക്രമണപരമ്പരയുണ്ടായത്. മദീനയിൽ രണ്ടു സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ജിദ്ദയിൽ യുഎസ് കോൺസുലേറ്റിന് 20 കിലോമീറ്റർ അകലെ പൊട്ടിത്തെറിച്ച ചാവേർ, പാക്ക് സ്വദേശി അബ്ദുല്ല ഖൽസാർ ഖാൻ ആണെന്നാണു സൗദി പൊലീസ് ആദ്യം പറഞ്ഞത്. പിന്നീടാണു ചാവേർ ഫയാസ് കഗ്സിയാണെന്ന് അറിയിച്ചത്.

ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നടന്ന ഭീകരാക്രമണങ്ങളിൽ പങ്കാളിയായിരുന്ന കഗ്സി, ആദ്യം സിമിയിലാണു പ്രവർത്തിച്ചിരുന്നത്. ഔറംഗാബാദ് ആയുധക്കടത്തു കേസിനെത്തുടർന്നു 2006ൽ പാക്കിസ്ഥാനിലെത്തി ലഷ്കറെ തയിബയിൽ ചേർന്നു. സംഘടനയിലേക്കു യുവാക്കളെ റിക്രൂട് ചെയ്യുന്ന ചുമതലയാണ് ഇയാളെ ഏൽപിച്ചിരുന്നത്.