മോദിയുടെ ‘തള്ള്’ പൊളിച്ചടുക്കി ഇന്ത്യ ടുഡെ ചാനല്‍

single-img
1 May 2018

ഇന്ത്യയില്‍ സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പിലാക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. സ്വാതന്ത്ര്യ ദിനത്തില്‍ താന്‍ നല്‍കിയ വാഗ്ദാനം പാലിച്ചതായും പ്രധാനമന്ത്രി അവകാശപ്പെട്ടിരുന്നു. മണിപ്പൂരിലെ ലെയ്സാങ് ഗ്രാമം വൈദ്യുതീകരിച്ചതോടെയാണ് ഇന്ത്യയിലെ അവസാന ഗ്രാമവും വൈദ്യുതീകരിച്ചെന്ന് പ്രധാനമന്ത്രി ട്വിറ്ററിലൂടെ അവകാശപ്പെട്ടത്.

‘ഏപ്രില്‍ 28, 2018 ഒരു ചരിത്രപരമായ ദിവസമായി ഓര്‍മ്മിക്കപ്പെടും. ഇന്നലെ ഇന്ത്യയിലെ നിരവധിയാളുകളുടെ ജീവിതം മാറ്റുന്ന ഒരു പദ്ധതി യാഥാര്‍ത്ഥ്യമാക്കി. ഇന്ത്യയിലെ ഓരോ ഗ്രാമത്തിലും ഇപ്പോള്‍ വൈദ്യുതിയുണ്ടെന്ന കാര്യം എന്നെ സന്തോഷിപ്പിക്കുന്നു.’, ‘മണിപ്പൂരിലെ ലൈസങ് ഗ്രാമത്തിലും ഇന്ത്യയിലെ ആയിരക്കണക്കിന് മറ്റ് ഗ്രാമങ്ങളിലെ പോലെ വൈദ്യുതി ലഭിക്കുകയും ശാക്തീകരിക്കപ്പെടുകയും ചെയ്തു.’ ഇങ്ങനെയായിരുന്നു മോദിയുടെ ട്വീറ്റ്.

എന്നാല്‍ മോദിയുടെ അവകാശവാദത്തെ പൊളിച്ചടുക്കി ഇന്ത്യ ടുഡെ ചാനല്‍ രംഗത്തെത്തി. നാലു ജില്ലകളിലായുള്ള ഗ്രാമങ്ങള്‍ ഉദാഹരണ സഹിതം കാണിച്ചാണ് ഇന്ത്യ ടുഡേ മോദിയുടെ അവകാശവാദം പൊളിച്ചത്. ഇവിടങ്ങളില്‍ പ്രാഥമികമായിപ്പോലും വൈദ്യുതി എത്തിയിട്ടില്ലാത്ത അവസ്ഥയാണെന്നാണ് ചാനലിന്റെ വിമര്‍ശനം. ജാര്‍ഗണ്ഡിലെ ജംഷഡ്പൂര്‍, മധ്യപ്രദേശിലെ അലിരാജ് പൂര്‍, ഒഡീഷയിലെ ഹര്‍സുഗുദ, രാജസ്ഥാനിലെ ധോല്‍പൂര്‍ എന്നീ ഗ്രാമങ്ങളാണ് ചാനല്‍ ഉദാഹരണങ്ങളായി എടുത്തത്.

ഒരു ഗ്രാമം വൈദ്യുതിവല്‍കൃതമായി എന്ന് പ്രഖ്യാപിക്കപ്പെടാന്‍ ഗ്രാമത്തിലെ 10 ശതമാനം വീടുകള്‍, സ്‌കൂളുകള്‍, ഓഫിസുകള്‍ എന്നിവിടങ്ങളിലെങ്കിലും വൈദ്യുതി എത്തണം എന്നാണ് ചട്ടം. എന്നാല്‍ അത്രപോലും വൈദ്യുതീകരിക്കാത്ത ഗ്രാമങ്ങളുടെ ഉദാഹരണങ്ങളാണ് ചാനല്‍ പുറത്ത് വിട്ടത്. 27 കോടിയോളം ഇന്ത്യക്കാര്‍ക്ക് വൈദ്യുതി ഇന്നും അപ്രാപ്യമാണെന്നാണ് കണക്കുകള്‍.

വൈദ്യുതീകരിക്കാത്ത വീടുകളുടെ എണ്ണത്തില്‍ ജാര്‍ഗണ്ഡ് ആണ് മുന്നില്‍. ജാര്‍ഗണ്ഡിലെ 52.4 ശതമാനം വീടുകളും വൈദ്യുതീകരിക്കാത്തതാണ്. വൈദ്യൂതീകരിക്കപ്പെട്ട ഗ്രാമങ്ങളില്‍ 8 ശതമാനം ഗ്രാമങ്ങളിലേ മുഴുവന്‍ വീടുകളും വൈദ്യുതീകരിക്കപ്പെട്ടിട്ടൂള്ളൂ. ആറു മാസം മുന്‍പ് വൈദ്യുതിക്കാലുകള്‍ സ്ഥാപിച്ചതല്ലാതെ ശേഷം പുരോഗതിയൊന്നുമുണ്ടായില്ലെന്നും ഗ്രാമത്തില്‍ ഇതുവരെ വൈദ്യുതി എത്തിയിട്ടില്ലെന്നും ഹര്‍സുഗുദയിലെ ഗ്രാമവാസികള്‍ പറഞ്ഞു.

വൈദ്യുതി ഉടന്‍ എത്തുമെന്ന് അധികൃതര്‍ നിരന്തരം പറയുന്നുണ്ടെങ്കിലും ഒന്നും നടക്കുന്നില്ല. മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ പോലും അഞ്ച് കിലോ മീറ്റര്‍ സഞ്ചരിക്കേണ്ട അവസ്ഥയാണ്. ഇപ്പോഴും കുട്ടികള്‍ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലാണ് പഠിക്കുന്നത്. ഗ്രാമത്തില്‍ ഒരിടത്തും വൈദ്യുതിയില്ലെന്നും ഗ്രാമവാസികള്‍ പറഞ്ഞു.

സ്വാതന്ത്ര്യം കിട്ടിയത് മുതല്‍ ഇന്നോളം ഒരു ദിവസം പോലും തങ്ങളുടെ ഗ്രാമം വൈദ്യുതി കണ്ടിട്ടില്ലെന്നാണ് അലിരാജ്പൂര്‍ സ്വദേശികള്‍ പറയുന്നത്. ജനങ്ങള്‍ ഇപ്പോഴും വിളക്കുകളാണ് ഉപയോഗിക്കുന്നത്. ആ വെളിച്ചത്തില്‍ ശരിക്ക് പഠിക്കാന്‍ പോലും പറ്റില്ലെന്നും ജനങ്ങള്‍ പറയുന്നു.