മറ്റ് സംസ്ഥാനങ്ങളിൽ കണ്ടതുപോലെ ബി.ജെ.പി തരംഗമല്ല; കൊടുങ്കാറ്റാണ് കർണാടക തിരഞ്ഞെടുപ്പിൽ താൻ പ്രതീക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രി

single-img
1 May 2018

മെയ്​ 12ന്​ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പി​​​​​ന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കർണാടകയിലെ പ്രചാരണ പരിപാടിക്ക്​​ തുടക്കം. മറ്റ് സംസ്ഥാനങ്ങളിൽ കണ്ടതുപോലെ ബി.ജെ.പി തരംഗമല്ല,​ കൊടുങ്കാറ്റാണ് കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ പ്രതീക്ഷിക്കുന്നതെന്ന് സന്തേമാരഹള്ളിയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു മോദി പറഞ്ഞു.

കർണാടകയുടെ വികസനമാണ് ഈ തിരഞ്ഞെടുപ്പിൽ ബി.ജെ.പി മുന്നോട്ട് വയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ കർഷകരുടെ ജീവിതം മാറ്റി മറിക്കാനാണ് കേന്ദ്രത്തിലെ എൻ.ഡി.എ സർക്കാർ ശ്രമിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികളുടെ ഗുണം കർഷകർക്ക് ലഭിക്കുന്നുണ്ട്.

എന്നാൽ,​ ചാമരാജനഗർ പോലുള്ള സ്ഥലങ്ങളിലെ ജനങ്ങൾക്ക് മതിയായ കുടിവെള്ളമോ ജോലിയോ ലഭിക്കുന്നില്ല. ഇവിടത്തെ വിനോദസഞ്ചാരം പോലും തകർന്നു കിടക്കുകയാണ്. സംസ്ഥാനത്തെ കോൺഗ്രസ് സർക്കാർ എന്താണ് അവിടെ ചെയ്യുന്നതെന്നും മോദി അത്ഭുതത്തോടെ ചോദിച്ചു.

കർണാടകയിലെ സർക്കാർ അഴിമതിയിൽ മുങ്ങിനിൽക്കുകയാണ്. ക്രമസമാധാനവും നിയമവ്യവസ്ഥയും തകർന്നു. ലോകായുക്ത പോലും സുരക്ഷിതമല്ല,​ അപ്പോൾ പിന്നെ സാധാരണക്കാർ എന്താണ് ചെയ്യുകയെന്നും മോദി ചോദിച്ചു. കർണാടകയിലെ കോൺഗ്രസുകാരുടെ വീട്ടിൽ നിന്ന് എത്രമാത്രം പണം പിടിച്ചെടുത്തെന്ന് നിങ്ങൾക്ക് അറിയുമോ? സാധാരണക്കാർക്ക് ലഭിക്കേണ്ട ഈ പണം അവർ പൂഴ്‌ത്തി വച്ചിരിക്കുകയാണെന്നും മോദി പറഞ്ഞു.

സർവതും കുത്തഴിഞ്ഞു കിടക്കുന്ന കർണാടകയിൽ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ ബി.എസ്.യെദിയൂരപ്പയാണ് ഏക പ്രതീക്ഷ. സംസ്ഥാനത്തെ വികസന വഴിയിൽ തിരിച്ചെത്തിക്കാൻ ബി.ജെ.പിയെ വൻഭൂരിപക്ഷത്തിൽ അധികാരത്തിൽ എത്തിക്കണമെന്നും മോദി അഭ്യർത്ഥിച്ചു.