ലിഗയെ കണ്ടൽക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയത് ബോട്ടിംഗ് നടത്താമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച്; പൊലീസിനു കച്ചിത്തുരുമ്പായി നിർണായക മൊഴി

single-img
1 May 2018

കോവളത്ത് കൊല്ലപ്പെട്ട ലാത്വിയൻ യുവതി ലിഗയെ കണ്ടൽക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയത് ബോട്ടിംഗ് നടത്താമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണെന്ന് പൊലീസിന് വിവരം ലഭിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ളവരിൽ ഒരാളാണ് ഇങ്ങനെ മൊഴി നൽകിയത്. ഇതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കി.

അതേസമയം,​ ലിഗയെ കൊലപ്പെടുത്തിയതിന് കസ്റ്റഡിയിലുള്ള മൂന്ന് പ്രതികൾക്കെതിരേ കൊലക്കുറ്റം ചുമത്താൻ പരമാവധി ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയാണ് പൊലീസ്. മാനഭംഗശ്രമത്തിനിടെ ബലപ്രയോഗത്തിലാണ് ലിഗ കൊല്ലപ്പെട്ടതെന്ന് വ്യക്തമായെങ്കിലും പഴുതടച്ച കുറ്റപത്രം തയ്യാറാക്കാനാണ് തെളിവുശേഖരണം. തീവ്രനിലപാടുള്ള ഒരു ദളിത് സംഘടനയുമായി ബന്ധമുള്ളവരാണ് കസ്റ്റഡിയിലുള്ള മൂന്നുപേരെന്ന് പൊലീസ് പറഞ്ഞു. അഭിഭാഷകർ പഠിപ്പിച്ചുവിട്ടതുപോലെ പരസ്‌പരവിരുദ്ധമായ മൊഴി നൽകി ഇവർ പൊലീസിനെ കുഴപ്പിക്കുകയാണ്.

അതേസമയം, ലിഗയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം ലഭിച്ച ശേഷമേ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തൂ എന്നാണ് വിവരം. അതിനിടെ, കസ്റ്റഡിയിലെടുത്ത ചിലരെ തീവ്രവാദ സ്വഭാവമുള്ള ഒരു സംഘടനയുടെ പ്രവർത്തകർ ഭീഷണിപ്പെടുത്തിയതിനെ തുടർന്നു പൊലീസിനു വിട്ടയയ്ക്കേണ്ടി വന്നു. തങ്ങളുടെ പ്രവർത്തകരെ അനധികൃതമായി കസ്റ്റഡിയിൽ സൂക്ഷിച്ചാൽ ഹൈക്കോടതിയെ സമീപിക്കുമെന്നായിരുന്നു ഭീഷണി. കൊലയിൽ പങ്കുണ്ടെന്നു സംശയിക്കുന്ന പലരെയും ഒന്നിലേറെ ദിവസം കസ്റ്റഡിയിൽ സൂക്ഷിക്കുകയും അറസ്റ്റ് രേഖപ്പെടുത്താതെ തന്നെ ഇവരുമായി തെളിവെടുപ്പു നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ ഭീഷണിപ്പെടുത്തിയ സംഘത്തിന്റെ കൈവശം ലഭിച്ചതാണു പൊലീസിനെ വെട്ടിലാക്കിയത്.

സംഭവത്തിനു ദൃക്സാക്ഷികളായ ചിലർ സത്യം പറയാൻ മടിക്കുന്നത് ഈ സംഘടനയെ ഭയന്നാണെന്നും സൂചനയുണ്ട്. മരിച്ചതു ലിഗയാണെന്നു ഡിഎൻഎ പരിശോധനയിലും കൊലപാതകമാണെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും സ്ഥിരീകരിച്ചിരുന്നു. എന്നാൽ, ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലമാണു വൈകുന്നത്. ഡിജിപിക്കു കീഴിലെ ഫൊറൻസിക് ലാബിലാണു പരിശോധന നടക്കുന്നത്. ഒരു മാസം പഴകിയ മൃതശരീരത്തിന്റെ പരിശോധന ആയതിനാലാണു റിപ്പോർട്ട് വൈകുന്നതെന്നു പൊലീസ് പറഞ്ഞു.

വിഷാംശം ശരീരത്തിലുണ്ടോയെന്നും ലൈംഗികാതിക്രമമുണ്ടായോ എന്നുമാണ് ഇനി അറിയേണ്ടത്. ഇതെല്ലം ഈ പരിശോധനയിലൂടെ മാത്രമേ വ്യക്തമാകൂ. മാനഭംഗശ്രമം ചെറുത്തതിനെ തുടർന്നുണ്ടായ ബലപ്രയോഗമാണു മരണത്തിൽ കലാശിച്ചതെന്നാണു പൊലീസ് നിഗമനം. എന്നാൽ, ലിഗ വാഴമുട്ടത്തെ കണ്ടൽക്കാട്ടിൽ എങ്ങനെ എത്തിയെന്നും ആരാണ് ഇവരെ ഇവിടെ എത്തിച്ചതെന്നും പൊലീസിന് ഇപ്പോഴും വ്യക്തതയില്ല.